മഞ്ഞപ്പിത്തം പിടിമുറുക്കുന്നു വേണം ജാഗ്രത

Tuesday 07 May 2024 1:21 AM IST

കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ്. വേങ്ങൂർ പഞ്ചായത്തിലാണ് കൂടുതൽ മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഡി.എം.ഒ അറിയിച്ചു. ജില്ലയിൽ ഇതുവരെ മൂന്നുപേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്,

വേങ്ങൂർ പഞ്ചായത്തിലെ 10, 11, 12, വാർഡുകളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞമാസം 17നായിരുന്നു ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. ഇവിടത്തെ കോമൺ വാട്ടർസപ്ലൈ സ്കീമിൽനിന്ന് വെള്ളം ഉപയോഗിച്ചവരിലാണ് രോഗം കണ്ടെത്തിയത്. തുടർ‌ന്ന് ഇവിടുത്തെ വെള്ളം സൂപ്പ‌ർക്ലോറിനേഷൻ നടത്തി. പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിനും പരിശോധിക്കുന്നതിനും വാട്ടർ അതോറിട്ടിയെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കാൻ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും ഡി.എം.ഒ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു.

ശ്രദ്ധിക്കണം

മഞ്ഞപ്പിത്തം ബാധിച്ചാൽ ആശുപത്രിയിൽ ചികിത്സതേടണം

പച്ചമരുന്ന് ഉപയോഗം കുറയ്ക്കണം

പ്ലേറ്റ്, ഗ്ലാസ് എന്നിവ രോഗിക്ക് പ്രത്യേകം നൽകണം

രോഗിയും പരിചരിക്കുന്നവരും പുറത്തേക്ക് പോകരുത്

തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

Advertisement
Advertisement