94 മണ്ഡലങ്ങൾ ബൂത്തിലേക്ക്, മൂന്നാം അങ്കം ഇന്ന്

Tuesday 07 May 2024 12:26 AM IST

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 120 വനിതകൾ അടക്കം 1,300 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 10 സംസ്ഥാനങ്ങളും ജമ്മുകാശ‌്‌മീർ, ദാദർ, നാഗർഹവേലി- ദാമൻ ദിയു കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് മാറ്റിവച്ച മദ്ധ്യപ്രദേശിലെ ബേട്ടുൽ മണ്ഡലവും ഇതിലുൾപ്പെടുന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന ഗുജറാത്തിലെ സൂററ്റിൽ ബി.ജെ.പി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്തിൽ ഇന്ന് വോട്ടുചെയ്യും.

ഹിന്ദുവോട്ടുകൾ ധ്രുവീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങളും പ്രതിപക്ഷത്തിന്റെ എതിർപ്പുകളും കർണാടകയിലെ ലൈംഗികവിവാദങ്ങളും കത്തിനിൽക്കുന്ന സാഹഹര്യത്തിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. ജെ.ഡി.എസ് നേതാവ് പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ ലൈംഗികാരോപണം, സഖ്യ കക്ഷിയായ ബി.ജെ.പിയെ കർണാടകയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2019ൽ ഇന്നു വോട്ടെടുപ്പ് നടക്കുന്ന 14 സീറ്റുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു.

കോൺഗ്രസിന്റെ ജാതി സംവരണത്തെ 'സ്വത്ത് തട്ടിയെടുക്കൽ" എന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധിച്ചതും പ്രചാരണത്തിൽ കണ്ടു. മുസ്ളിം വിഭാഗത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ പ്രതിപക്ഷം ആയുധമാക്കി. കോൺഗ്രസ് സാമൂഹ്യനീതി, തൊഴിലില്ലായ്മ, കർഷകർക്ക് നീതി തുടങ്ങിയ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആദ്യ രണ്ട് ഘട്ടങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂട് വോട്ടർമാരെ പിന്തിരിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ 102 സീറ്റുകളിൽ 66.14ശതമാനവും രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ 66.71ശതമാനവുമായിരുന്നു പോളിംഗ്.

വോട്ടെടുപ്പ് മണ്ഡലങ്ങൾ

ഗുജറാത്ത്(25), കർണാടക(14), മഹാരാഷ്ട്ര(11), ഉത്തർപ്രദേശ്(10), മദ്ധ്യപ്രദേശ്(9), ഛത്തീസ്ഗഢ്(7), ബീഹാർ(5), അസാം(4), പശ്ചിമ ബംഗാൾ(4), ഗോവ(2), ദാദ്ര നഗർ ഹവേലി, ദാമൻ ദിയു(2).ജമ്മു കാശ്മീർ(1).

പ്രധാന പോര്

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഉത്തർപ്രദേശിൽ, മുൻമുഖ്യമന്ത്രി അന്തരിച്ച മുലായം സിംഗ് യാദവിന്റെ മണ്ഡലമായ മെയിൻപുരി നിലനിറുത്താൻ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവും ബി.ജെ.പിയുടെ ജയ‌്‌വീർ സിംഗുമാണ് നേർക്കുനേർ.

ജനവിധി തേടുന്ന മറ്റ് പ്രമുഖർ

ബി.ജെ.പി: അമിത് ഷാ (ഗാന്ധിനഗർ, ഗുജറാത്ത്), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ, മദ്ധ്യപ്രദേശ്), ശിവരാജ് സിംഗ് ചൗഹാൻ (വിദിഷ, മദ്ധ്യപ്രദേശ്), പ്രഹ്ലാദ് ജോഷി (ധർവാഡ്, കർണാടക), ജഗദീഷ് ഷെട്ടർ (ബെൽഗം, കർണാടക), ബി.വൈ.രാഘവേന്ദ്ര (ശിവമോഗ, കർണാടക) കോൺഗ്രസ്: ദിഗ്‌വിജയ സിംഗ് (രാജ്ഗഡ്, മദ്ധ്യപ്രദേശ്), ഗീതാ ശിവരാജകുമാർ (ശിവമോഗ, കർണാടക) സി.പി.എം: മുഹമ്മദ് സലീം.

Advertisement
Advertisement