ജാതി സംവരണത്തിന്റെ പരിധി നീക്കും: രാഹുൽ

Tuesday 07 May 2024 12:29 AM IST

ഭോപ്പാൽ: ജാതി സംവരണത്തിനു സുപ്രീംകോടതി വിധിച്ച 50 ശതമാനം പരിധി നീക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത്, പിന്നാക്ക, ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവർക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കും.

ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. ബി.ജെ.പിയും ആർ.എസ്.എസും ഭരണഘടനയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസും 'ഇന്ത്യ' സഖ്യവും ഭരണഘടനയെ സംരക്ഷിക്കാൻ‌ ശ്രമിക്കുകയാണ്. ഭരണഘടന ജനങ്ങൾക്ക് ജലം, വനം, ഭൂമി എന്നിവയിൽ അവകാശങ്ങൾ നൽകിയിട്ടുണ്ട്. അവയെല്ലാം നീക്കി സമ്പൂർണ അധികാരമാണ് മോദി ആഗ്രഹിക്കുന്നത്. ജയിച്ചാൽ ഭരണഘടന മാറ്റുമെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനം. അതുകൊണ്ടാണ് അവർ '400 സീറ്റ്' എന്ന മുദ്രാവാക്യം ഉയർത്തിയത്. അവർക്ക് 150 സീറ്റുകൾ പോലും ലഭിക്കില്ല. സംവരണം എടുത്തുകളയുമെന്ന് അവർ പറയുന്നു. ഞങ്ങൾ അധികാരത്തിലെത്തിയാൽ സംവരണം 50 ശതമാനത്തിനപ്പുറം വർദ്ധിപ്പിക്കും. ദരിദ്രർക്കും പിന്നാക്കക്കാർക്കും ദളിതർക്കും ആദിവാസികൾക്കും ആവശ്യമായത്ര സംവരണം നൽകും.

90 ബ്യൂറോക്രാറ്റുകളാണ് രാജ്യത്തെ ഭരണം നിയന്ത്രിക്കുന്നത്. അവരിൽ ഒരാൾ മാത്രമാണ് ആദിവാസി സമൂഹത്തിൽ നിന്നുള്ളത്. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർ മൂന്നു പേരാണ്. നിങ്ങളുടെ ആളുകൾ മാദ്ധ്യമങ്ങളിലോ കോർപ്പറേറ്റ് ലോകത്തോ ഇല്ല. ഇതുമാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാലാണ് ഞങ്ങൾ ജാതി സെൻസസും സാമ്പത്തിക സർവേയും നടത്താൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisement
Advertisement