ആശ, അഭിമാനം!

Tuesday 07 May 2024 5:35 AM IST

ബംഗ്ലാദേശിനിതിരായ നാലാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് ജയം

അരങ്ങേറ്റത്തിൽ 2 വിക്കറ്റുമായി തിളങ്ങി ആശാ ശോഭന

സിൽഹറ്റ്: മുപ്പത്തിമ്മൂന്നാം വയസിൽ ഇന്ത്യൻ വനിതാ ട്വന്റി-20 ടീമിൽ അരങ്ങേറ്റം നടത്തി ആശാ ശോഭനയെന്ന തിരുവനന്തപുരത്തുകാരി ചരിത്രം കുറിച്ച ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 56 റൺസിന്റെ ജയം. മഴരസം കൊല്ലിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 14 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 14 ഓവറിൽ 125 റൺസായിരുന്നു വിജയലക്ഷ്യം. എന്നാൽ 14 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുക്കാനെ അവർക്കായുള്ളൂ. പരമ്പരയിൽ 4-0ത്തിന് ഇന്ത്യ ആധിപത്യം തുടരുകയാണ്.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ആശ 2 വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ചു. 3 ഓവറിൽ 18 റൺസ് നൽകിയാണ് ആശ 2 വിക്കറ്റ് നേടിയത്. ബംഗ്ലാദേശ് ക്യാപ്ടൻ നിഗർ സുൽത്താനയായിരുന്നു (1) അന്താരാഷ്ട്ര ക്രിക്കറ്റിൽ ആശയുടെ ആദ്യ ഇര. ദീപ്തി ശ‌ർമ്മയും2 വിക്കറ്റുമായി തിളങ്ങി.

നേരത്തേ 300-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഹർമ്മൻപ്രീത് കൗറാണ (39) ക്യാപ്ട്റെ ഇന്നിംഗ്സുമായി ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായത്.

ആശ ശോഭനം

33- ഇന്ത്യയ്ക്കായി അന്താരാഷട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടം ആശ ശോങന സ്വന്തമാക്കി. ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങമ്പോൾ 33 വയസും 51 ദിവസവുമായിരുന്നു ആശയുടെ പ്രായം.

2008ൽ ശ്രീലങ്കയ്ക്ക് എതിരെ ഏകദിനത്തിൽ 31 വയസിൽ അരങ്ങേറിയ സീമ പുജാരെയുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് ആശ മറികടന്നത്. ഇവരൊഴികെ മറ്റൊരിന്ത്യൻ താരവും 30 വയസ് കഴിഞ്ഞ് അന്താരഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.

ഇന്നലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രണ്ട് മലയാളി താരങ്ങളുണ്ടായിരുന്നു. ആശയെക്കൂടാതെ ഓൾറൗണ്ടർ വയനാട്ട് കാരി സജന സജീവനും ഇന്ത്യയ്ക്കായി ഇന്നലെ കളത്തിലിറങ്ങി.

ഇന്ത്യൻ വൈസ് ക്യാപ്ടനും വനിതാ പ്രിമിയർ ലീഗിൽ ആർ.സി.ബിയിൽ ആശയുടെ ക്യാപ്ടനുമായ സ്‌മൃതി മന്ഥനയാണ് ആശയ്ക്ക് ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത്.

Advertisement
Advertisement