7 പേരുടെ ദുരൂഹ മരണം, കൂടത്തിൽ കേസിൽ അന്വേഷണം നിലച്ചു, റിപ്പോർട്ട് തേടി ഗവർണർ

Wednesday 08 May 2024 4:06 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്തടക്കം തലസ്ഥാനത്ത് പലയിടത്തായി 500 കോടിയുടെ ഭൂസ്വത്തുക്കളുള്ള കരമന കൂടത്തിൽ തറവാട്ടിലെ ഏഴുപേരുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ ആറു വർഷമായിട്ടും പുരോഗതിയില്ല. അന്വേഷണം നിലച്ച മട്ടാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ഗവർണർക്ക് പരാതി നൽകി. തുടർന്ന് ഡി.ജി.പിയോട് അന്വേഷണ പുരോഗതി അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചു. സി.ബി.ഐ അന്വേഷണം തേടി കുടുംബം മുഖ്യമന്ത്രിയേയും സമീപിച്ചിട്ടുണ്ട്.

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവൻനായർ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് 1991-2017 കാലഘട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2017ഏപ്രിലിൽ മരിച്ച ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മുൻഭാര്യയാണ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടത്.

ദുരൂഹ മരണങ്ങൾ കൂടാതെ ഭൂമി തട്ടിയെടുക്കൽ കേസുമുണ്ട്. മരിച്ചവരുടെയെല്ലാം പേരിൽ വിൽപ്പത്രങ്ങളും രേഖകളുമെല്ലാം വ്യാജമായുണ്ടാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തറവാട്ടിലെ അകന്നബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെയുളളവർ സ്വത്തുക്കൾ തട്ടിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കാര്യസ്ഥൻ രവീന്ദ്രൻനായരെ ഉൾപ്പെടെ പ്രതിയാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല. പൊലീസിലെ ഉന്നതരും കോടികളുടെ ഭൂമി കൈക്കലാക്കി.

ഭൂമിതട്ടിപ്പിൽ മുൻകളക്ടറടക്കം 10 പ്രതികളുണ്ട്. എട്ട് ഏക്കറിലേറെ സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. രാഷ്ട്രീയ, പൊലീസ്, ഉദ്യോഗസ്ഥ ഒത്തുകളിയാണ് അന്വേഷണം നിലച്ചതിന് കാരണമെന്നാണ് ആക്ഷേപം.

ഭൂമിവിറ്റത് 28 തവണ

കൂടത്തിൽ തറവാടിന്റെ ഉടമസ്ഥതയിലുള്ള കോടികൾ വിലമതിക്കുന്ന ഭൂമി 28 തവണ കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. വാങ്ങിയ 13പേരെയും കണ്ടെത്തി. 4 വില്ലേജ് ഓഫീസർമാരുടെ ഒത്താശയോടെയായിരുന്നു ഇത്. കാര്യസ്ഥന് ഒന്നരയേക്കറും മുൻകാര്യസ്ഥന് 65 സെന്റും ലഭിച്ചു. അവകാശ തർക്കകേസുണ്ടാക്കി അദാലത്തുകളിലൂടെയും ഭൂമി തട്ടിയെടുത്തു.

Advertisement
Advertisement