വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യുവമോർച്ച

Thursday 09 May 2024 12:07 AM IST
യുവമോർച്ച ജില്ലാ പ്രസി‌ഡന്റ് പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുന്നു

കൊല്ലം: ലിഫ്റ്റ് തകരാറിന്റെ പേരിൽ പ്രസവ ശസ്ത്രക്രിയ അടുത്തവരെ മെഡിക്കൽ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

മാസങ്ങളോളം ചികിത്സയും പരിശോധനയും വിക്ടോറിയ ആശുപത്രിയിൽ നടത്തിയ ശേഷം ഓപ്പറേഷന് മെഡിക്കൽ കോളേജുകളിലേക്കോ മറ്റ് ആശുപത്രികളിലേക്കോ പോകേണ്ട അവസ്ഥ ഗർഭിണികളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്നും അത് കുഞ്ഞിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവമോർച്ച പ്രതിഷേധം. മണിക്കൂറുകൾക്കുള്ളിൽ ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.

ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറൽ സെക്രട്ടറി യു.ഗോപകുമാർ, ഭാരവാഹികളായ വിഷ്ണു അനിൽ, അനന്തു കണ്ടച്ചിറ, ഉണ്ണി, ജിത്തു, എം.എസ്.ആദിത്യൻ, രതീഷ്, അനൂപ് എന്നിവർ നേതൃത്വം നൽകി.