ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് സ്വത്തുക്കൾ ശിവഗിരി മഠത്തിന്

Thursday 09 May 2024 12:50 AM IST

ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ അനുകമ്പയും ജീവകാരുണ്യവും സ്വജീവിതത്തിലുടനീളം പകർത്തി ഗുരുദർശന പ്രചാരണം നിർവഹിച്ചുവരവേ തന്റെ സ്വപ്നം പൂർത്തിയാകാതെ കടന്നുപോയ എൻ.കെ. ശിവരാജൻ രൂപം കൊടുത്ത ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് ശിവഗിരി മഠത്തിൽ ലയിച്ചു.
ശിവരാജന് കുടുംബ സ്വത്തായി എറണാകുളം ജില്ലയിൽ പെരുമ്പാവൂരിലെ പുല്ലുവഴിയിൽ ലഭിച്ച രണ്ടര ഏക്കർ സ്ഥലത്തായിരുന്നു ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ്. ഇവിടെ നാലു നിലയിൽ 35000 ച. അടി വിസ്തീർണ്ണത്തിൽ പണിതു വന്ന കെട്ടിടനിർമ്മാണം പകുതിയോളമെത്തിയപ്പോഴായിരുന്നു ശിവരാജന്റെ വിയോഗം. ട്രസ്റ്റിന്റെ പ്രവർത്തനം ഏതെങ്കിലും അവസരം നിലച്ചുപോയാൽ സ്വത്തുക്കൾ ശിവഗിരി മഠത്തിൽ ലയിപ്പിക്കണമെന്നതായിരുന്നു ശിവരാജൻ വിൽപത്രത്തിൽ നിർദ്ദേശിച്ചിരുന്നത്. അതിൻ പ്രകാരം ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റിന്റെ പൊതുയോഗം കൂടി ട്രസ്റ്റ് വക സ്വത്തുക്കൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. സ്വത്തുക്കൾ ശിവഗിരി മഠം ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ട്രസ്റ്റിനെ ശിവഗിരി ശ്രീനാരായണ ഋഷികുലം എന്ന് പുനർ നാമകരണം ചെയ്തു. ഇക്കഴിഞ്ഞ ദിവസം ഋഷികുലം അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി ശ്രീനാരായണ ഋഷികുലം എന്ന് നാമകരണം ചെയ്തു. ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് മുൻ പ്രസിഡന്റ് അഡ്വ. കാർണിഷിൽ നിന്നു രേഖകൾ സ്വാമി സച്ചിദാനന്ദ സ്വീകരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമ്മപ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, സ്വാമി സുകൃതാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി ദേശികാനന്ദ യതി, സ്വാമി മഹാദേവാനന്ദ, സ്വാമി ജ്ഞാന തീർത്ഥ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement