വിഷ്ണുപ്രിയ വധം: ശ്യാംജിത്ത് കുറ്റക്കാരൻ ശിക്ഷ തിങ്കളാഴ്ച 

Saturday 11 May 2024 12:23 AM IST

തലശ്ശേരി: പ്രണയപ്പകയിൽ പാനൂർ സ്വദേശി വിഷ്ണുപ്രിയയെ (25) കൊലപ്പെടുത്തിയ കേസിൽ മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്ത് (28) കുറ്റക്കാരനെന്ന് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും.

വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ 13 സെക്കന്റുകളുള്ള ദൃശ്യമാണ് നിർണായകമായത്. വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കാൾ ചെയ്യുന്നതിനിടെയാണ് പ്രതി വീട്ടിലെത്തുന്നത്. ശ്യാംജിത്ത് വീട്ടിലേക്ക് കയറുന്നത് വീഡിയോ കാളിൽ പതിഞ്ഞിരുന്നു. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

2022 ഒക്ടോബർ 22ന് പാനൂരിലെ വള്ള്യായിലാണ് കൊലപാതകം നടന്നത്. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്തായിരുന്നു ആക്രമണം.

ശ്യാംജിത്തിന്റെ പിതാവ് ശശിധരൻ മാനന്തേരിയിൽ ഹോട്ടൽ നടത്തുകയാണ്. രാവിലെ ഇവിടെ നിന്നാണ് ശ്യാംജിത്ത് വിഷ്‌ണുപ്രിയയ്ക്ക് അരികിലേക്ക് പോകുന്നത്. കൊലപാതകം നടത്തി തിരികെ ഹോട്ടലിലെത്തുകയും ചെയ്‌തു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകാൾ റെക്കാർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഖത്തറിൽ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു.


ഒന്നും പറയാനില്ലെന്ന് ശ്യാംജിത്ത്

അറസ്റ്റിലായതു മുതൽ ഇന്നലെ കോടതിയിൽ ഹാജരാക്കുന്നതുവരെ ഒരു ഘട്ടത്തിലും പ്രതി കുറ്റബോധം പ്രകടിപ്പിച്ചില്ല. ഇന്ന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്യാംജിത്ത് മൗനം പാലിച്ചു. പ്രൊഫഷണൽ രീതിയിൽ കൊല നടത്താൻ മാത്രമല്ല,​ പിടിക്കപ്പെട്ടാൽ ശിക്ഷയെന്താണെന്ന് ശ്യാംജിത്ത് ഗൂഗിളിൽ നിന്ന് മനസിലാക്കിയിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. ജീവപര്യന്തം ലഭിച്ചാൽ 12 വർഷം ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് വിശ്വസിച്ചിരുന്നത്. ഇപ്പോൾ 25 വയസാണെന്നും ജീവപര്യന്തം കഴിഞ്ഞിറങ്ങുമ്പോൾ 39 വയസേ ആകൂയെന്നും ചോദ്യം ചെയ്യലിനിടെ പ്രതികരിച്ചിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി പ്രതിയുടെ മാനസികനില കൊടുംകുറ്റവാളിയുടെതാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറത്തുകൊന്നിട്ടും 29 മുറിവുകൾ വിഷ്ണുപ്രിയയുടെ ദേഹത്തുണ്ടായിരുന്നുവെന്നത് പ്രതി എത്രമാത്രം ക്രൂരമായിരുന്നുവെന്നതിന്റെ തെളിവാണെന്നും പ്രൊസിക്യൂഷൻ വാദിച്ചു.


പ്രചോദനം

അഞ്ചാം പാതിര

നിമിഷ നേരം കൊണ്ട് കൊല നടത്താനുള്ള മാർഗങ്ങൾ ശ്യാംജിത്ത് യുട്യൂബിൽ സെർച്ച് ചെയ്തിരുന്നു. കൊലപാതകത്തിനായി കടയിൽ നിന്ന് മൂർച്ച കൂട്ടിയ ഇരുമ്പു ലോഹങ്ങളാണ് ആയുധമാക്കിയത്. 'അഞ്ചാം പാതിര' എന്ന സിനിമയും കൃത്യത്തിന് പ്രചോദനമായി. അഞ്ചാംപാതിരയിലെ കൊലപാതകിയുടേതിന് സമാനമായ വേഷത്തിലാണ് ശ്യാംജിത്ത് കൃത്യം നടത്താൻ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. വിഷ്ണുപ്രിയയുമായി പരിചയത്തിലും പ്രണയത്തിലുമായ ആൺസുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു.

Advertisement
Advertisement