മുഖ്യമന്ത്രിക്ക് വിശ്രമിക്കാൻ അവകാശമുണ്ട് :എ.കെ ബാലൻ

Saturday 11 May 2024 11:37 AM IST

ആറ് ദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര സ്വകാര്യ സന്ദർശനമാണെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും സി.പി.എം കേന്ദ്രക്കമ്മറ്റിയംഗം എ.കെ ബാലൻ.

നവ കേരള യാത്രക്കായി കഠിന പ്രയത്നം ചെയ്ത മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്തത്. അദ്ദേഹത്തിന് വിശ്രമിക്കാൻ അവകാശമുണ്ട്. ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഒന്നേകാൽ ലക്ഷത്തോളം രൂപ മാസ ശമ്പളമുള്ള മുഖ്യമന്ത്രിക്ക് വിദേശത്തു പോകാൻ എവിടെനിന്നാണ് പണമെന്ന് ചോദിക്കുന്നതിൽ എന്തർത്ഥമാണ്. മുമ്പും മന്ത്രിമാർ വിദേശ സന്ദർശനം നടത്തിയിട്ടുണ്ട്. അന്നൊന്നും വിവാദം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യ. കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെയും അനുമതിയോടെയാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. യാത്രാ ചെലവിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ ആവശ്യം തള്ളി.

സുധാകരന്റെ യാത്രകളെക്കുറിച്ചൊന്നും തന്നെക്കൊണ്ടു പറയിക്കരുത്. വിദേശ സന്ദർശനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങുന്നതിനു പകരം സുധാകരന്റെ അംഗീകാരം വാങ്ങേണ്ടതില്ല. സ്വന്തം കാശെടുത്ത് സ്വകാര്യ സന്ദർശനം നടത്തുന്നതിന് വേറെ ആരുടെയെങ്കിലും അംഗീകാരം വേണോയെന്നും ബാലൻ ചോദിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുന്നത് ചർച്ചയിലൂടെ ഗതാഗത മന്ത്രി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement