അവസാന അങ്കത്തി​ന് അറ്റലാന്റയും ലെവർകൂസനും

Saturday 11 May 2024 12:16 AM IST

യൂറോപ്പ ലീഗ് ഫൈനലി​ൽ അറ്റലാന്റയും ബയേർ ലെവർകൂസനും ഏറ്റുമുട്ടും

ബെർലിൻ: യൂറോപ്പി​ലെ രണ്ടാം ഡി​വി​ഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗി​ന്റെ ഫൈനലി​ൽ ഇക്കുറി ജർമ്മൻ ചാമ്പ്യന്മാരായ ക്ളബ് ബയേർ ലെവർകൂസനും ​ ഇറ്റാലി​യൻ ക്ളബ് അറ്റലാന്റയും ഏറ്റുമുട്ടും. കഴി​ഞ്ഞരാത്രി​ നടന്ന രണ്ടാം പാദ സെമി​യി​ൽ മറ്റൊരു ഇറ്റാലി​യൻ ക്ളബ് എ.എസ് റോമയെ

2-2ന് സമനിലയിൽ പിടിച്ച് 4-2 എന്ന ആകെ ഗോൾ മാർജിനിലാണ് ലെവർകൂസൻ ഫൈനലിലെത്തിയത്. ആദ്യ പാദ സെമിയിൽ 2-0ത്തിന് ലെവർകൂസൻ ജയിച്ചിരുന്നു. മറ്റൊരു ആദ്യ പാദ സെമിയിൽ ഫ്രഞ്ച് ക്ളബ് മാഴ്സെയുമായി 1-1ന് സമനിലയിൽ പിരിഞ്ഞിരുന്ന അറ്റലാന്റ രണ്ടാം പാദത്തിൽ 3-0ത്തിന് ജയിച്ച് 4-1 എന്ന ഗോൾ മാർജിനിലാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ 81 മിനിട്ടുവരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ലെവർകൂസൻ സമനില പിടിച്ചത്. ലിയാൺഡ്രോ പരേഡെസ് 43, 66 മിനിട്ടുകളിൽ നേടിയ പെനാൽറ്റി ഗോളുകളിലൂടെയാണ് റോമ മുന്നിലെത്തിയിരുന്നത്. 82-ാം മിനിട്ടിൽ ജിയാൻ ലൂക്ക മാൻചീനിയുടെ സെൽഫ് ഗോളില്‍ ഒരു ഗോൾ മടക്കിയ ലെവർകൂസൻ ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിൽ ജോസിപ് സ്റ്റാനിസിച്ച് നേടിയ ഗോളിൽ സമനിലയും ഫൈനൽ ബർത്തും സ്വന്തമാക്കി.

30-ാം മിനിട്ടിൽ അഡിമോലെ ലുക്മാൻ,52-ാം മിനിട്ടിൽ മാറ്റിയോ റുഗെ,ഇൻജുറി ടൈമിൽ എൽബിലാൽ ടൗറേ എന്നിവർ നേടിയ ഗോളുകൾക്കാണ് അറ്റലാന്റെ മാഴ്സയെ മറികടന്നത്. ആദ്യമായാണ് അറ്റലാന്റ ഒരു പ്രധാന യൂറോപ്പ്യൻ ലീഗിന്റെ ഫൈനലിലെത്തുന്നത്. മേയ് 23-ന് അയർലാൻഡിലെ അവീവ സ്റ്റേഡിയത്തിലാണ് യൂറോപ്പ ലീഗ് ഫൈനൽ നടക്കുന്നത്.

49

എല്ലാ പ്രധാന ടൂർണമെന്റുകളിലുമായി ബയേർ ലെവർകൂസൻ തോൽവിയറിയാതെ പൂർത്തിയാക്കുന്ന 49-ാം മത്സരമായിരുന്നു ഇത്. ഇതോടെ യൂറോപ്പിലെ മേജർ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കുന്ന ടീമെന്ന റെക്കോഡും ജർമ്മൻ ക്ലബ്ബ് സ്വന്തമാക്കി. ബെൻഫിക്കയുടെ 59 വർഷം പഴക്കമുള്ള റെക്കാഡാണ് ലെവർകൂസൻ പഴങ്കഥയാക്കിയത്. 1963-1965 കാലഘട്ടത്തിൽ തോൽവിയറിയാതെ 48 മത്സരങ്ങളാണ് ബെൻഫിക്ക പൂർത്തിയാക്കിയിരുന്നത്.

120

വർഷത്തെ ചരിത്രത്തിലാദ്യമായി ജർമ്മൻ ബുണ്ടസ് ലിഗയിൽ ബയേർ ലെവർകൂസൻ ചാമ്പ്യന്മാരായി ചരിത്രമെഴുതിയത് ഈ സീസണിലാണ്. റയൽ മാഡ്രിഡിന്റയും ലിവർപൂളിന്റയും മുൻ താരം സാബി അലോൺസോയാണ് ഒറ്റക്കളിയിലും തോൽക്കാതെ ലെവർകൂസനെ ബുണ്ടസ് ലിഗ കിരീടത്തിലെത്തിച്ചത്.

Advertisement
Advertisement