കുളിരണിയാൻ എ.സി കിട്ടാനില്ല

Sunday 12 May 2024 12:42 AM IST

കോട്ടയം : അന്തരീക്ഷത്തിലെ ചൂടിനൊപ്പം വില്പനയും കുതിക്കുമ്പോൾ എ.സിയ്ക്കും ക്ഷാമം. ഉപഭോക്താക്കൾ ചോദിക്കുന്ന പല പ്രമുഖ ബ്രാൻഡുകളും കിട്ടാനില്ല. ജില്ലയിലെ ഗൃഹോപകരണ സ്ഥാപനങ്ങളിലെല്ലാം എ.സി തിരക്കി എത്തുന്നവരുടെ എണ്ണമേറുകയാണ്. ജില്ലയിൽ രണ്ടുമാസത്തിനകം പതിനായിരം എ.സികൾ വിറ്റെന്നാണ് ഏകദേശ കണക്ക്. ഏറ്റവും കൂടുതൽ വില്പനയുണ്ടായ സമയവും ഈ വർഷമാണ്. ഓഫറുകളും ലളിതമായ വായ്പ സൗകര്യങ്ങളും വില്പന ഉയരാൻ കാരണായി. ഏപ്രിൽ - മേയ് വരെയാണ് സാധാരണ എ.സി വില്പന സീസൺ. ഇത്തവണ ജനുവരി മുതൽ വില്പന ഉയർന്നു. വിറ്റവയിൽ 80 ശതമാനം എ.സികളും ഒരു ടൺ മൂന്ന് സ്റ്റാറിന്റേതാണ്. 100 - 120 ചതുരശ്രയടി വരുന്ന മുറികളിലാണ് ഇവയുടെ ആവശ്യം. ശരാശരി 24,000 രൂപ മുതലാണ് വില. വൈഫൈ ഉൾപ്പെടെ അധിക സംവിധാനങ്ങൾ കൂടുന്നതിനനുസരിച്ച് വിലയും ഉയരും. 1.5 ടൺ എ.സി.കൾക്കും ആവശ്യക്കാരുണ്ട്. ഇവ പ്രധാനമായും ചതുരശ്രയടി കൂടിയ മുറികളിലും ഹാളിലും സൂര്യപ്രകാശം നേരിട്ട് അടിക്കുന്ന മുറികളിലുമാണ് ഉപയോഗിക്കുന്നത്.

ബുക്ക് ചെയ്തു,​ കാത്തിരിപ്പ്

പ്രമുഖ ബ്രാൻഡുകളുടെ എ.സി ബുക്ക് ചെയ്തവർ കിട്ടാനായി കാത്തിരിപ്പാണ്. തിരക്ക് മൂലം ഫിറ്റ് ചെയ്ത് കൊടുക്കാൻ ഒരാഴ്ച വരെ നീളുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ എല്ലാ എ.സി കമ്പനികളും മാർച്ചിൽ തന്നെ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വില്പന കൈവരിച്ചു. വില്പന 100 - 130 ശതമാനത്തോളം അധികമാണ്. അടുത്ത ആഴ്ചകളിൽ പുതിയ സ്റ്റോക്ക് ലഭ്യമാക്കുമെന്നാണ് കമ്പനികൾ ഡീലർമാരെ അറിയിച്ചത്. പ്രധാന കമ്പനികളുടെ കൂളറും കിട്ടാനില്ല.

എ.സിയില്ലാതെ പറ്റില്ല

 കത്തുന്ന ചൂടിൽ നാട്ടിൻ പുറത്തെ വീടുകളിലും എ.സി

എ.സി എന്നത് ആഡംബരത്തിന് പകരം ആവശ്യമെന്ന ചിന്ത

 ഒരു വീട്ടിൽ പലമുറികളിൽ എ.സി വയ്ക്കുന്നവരും കൂടുന്നു

'' എ.സിയ്ക്ക് മാത്രമല്ല ഫാനിനും ക്ഷാമമാണ്. മഴ തുടങ്ങിയാൽ കച്ചവടം കുറയും''

-ജയമോൻ,​ വ്യാപാരി

ശരാശരി : 24,000 രൂപ വില

Advertisement
Advertisement