ചില കുടുംബകാര്യങ്ങൾ അഥവാ ഒരു തട്ടുപൊളിപ്പൻ തെലുങ്കുപടം

Sunday 12 May 2024 12:10 AM IST
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈ.എസ്.ആർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ കാണാനെത്തിയ ജനകൂട്ടം ഫോട്ടോ: ശ്രീകുമാർ ആലപ്ര

ആന്ധ്രാപ്രദേശിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പത്തു വയസ് മാത്രമുള്ള ജനസേനാ പാർട്ടിയെ മാറ്റിനിറുത്തി, മറ്റ് രാഷ്ട്രീയ പാർട്ടി അധികാര കേന്ദ്രത്തിലേക്കു നോക്കിയാൽ ഒന്നു വ്യക്തം: എല്ലാ പാർട്ടി നേതൃത്വവും കൈയാളുന്നത് രണ്ടു കുടുംങ്ങളാണ്! ഒന്നുകിൽ എൻ.ടി. രാമറാവുവിന്റെ കുടുംബം. അതല്ലെങ്കിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കുടുംബം. ഉൾപ്പോരുകളും പരസ്പരവൈരവും രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ കുടുംബങ്ങളിലും തുടർക്കഥയാണ് താനും.

തെലുങ്കിലെ ആദ്യ സൂപ്പർസ്റ്റാർ ആയ എൻ.ടി. രാമറാവു,​ പാർട്ടി രൂപീകരിച്ച് ഒൻപതാം മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ (1983)​ 294-ൽ 201 സീറ്റും നേടി അധികാരത്തിലെത്തി,​ ആന്ധ്രയിലെ ആദ്യത്തെ കോൺഗ്രസിതര മുഖ്യമന്ത്രിയായി. ആ വർഷമാണ് ആന്ധ്രയിലെ കോൺഗ്രസ് അദ്ധ്യക്ഷനായി വൈ.എസ്. രാജശേഖര റെഡ്ഡി നിയോഗിക്കപ്പെടുന്നത്. കോൺഗ്രസിന് പുതുജന്മം നൽകിയത് വൈ.എസ്.ആറാണ്. 2004-ൽ അദ്ദേഹം മുഖ്യമന്ത്രിയായി. രണ്ടു പേരുടെ പേരിലും ഇന്നിവിടെ ജില്ലകളുണ്ട്- വൈ.എസ്.ആർ കടപ്പയും എൻ.ടി.ആർ ജില്ലയും!

എൻ.ടി.ആറിന്റെ മകളായ നരഭുവനേശ്വരിയുടെ മൂന്നാമത്തെ മകൾ ഭുവനേശ്വരിയുടെ ഭർത്താവാണ് ഇപ്പോഴത്തെ ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. എൻ.ടി.ആറിന്റെ മറ്റൊരു മകൾ പുരേന്ദേശ്വരിയാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്. കോൺഗ്രസിൽ നിന്നാണ് പുരന്ദേശ്വരി ബി.ജെ.പിയിലെത്തിയത്. നായിഡുവുമായുള്ള ശത്രുത കാരണമാണ് പുരന്ദേശ്വരി ടി.‌ഡി.പി വിട്ട് കോൺഗ്രസിലേക്കു വന്നത്. പുരന്ദേശ്വരിയുടെ സഹോദരനും സൂപ്പർസ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണ ടി.ഡി.പി നേതാവാണ്. കഴിഞ്ഞ രണ്ടു തവണയും ഹിന്ദുപൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച അദ്ദേഹം ഇത്തവണയും അവിടെ നിന്നുതന്നെ മത്സരിക്കുന്നു. എൻ.ടി.ആർ മത്സരിച്ചു ജയിച്ച മണ്ഡലമാണ് ഹിന്ദുപൂർ.

വൈ.എസ്.രാജശേഖര റെഡ്ഡിക്കു ശേഷം മുഖ്യമന്ത്രി പദം മോഹിച്ച മകൻ ജഗൻ മോഹൻ റെഡ്ഡി,​ അത് കോൺഗ്രസ് നേതൃത്വം നിരസിച്ചപ്പോഴാണ് സ്വന്തം കോൺഗ്രസ് രൂപീകരിച്ച് 2014-ൽ അങ്കത്തിനിറങ്ങിയത്. അഞ്ചു വർഷം കഴിഞ്ഞ് 2019-ൽ അധികാരക്കസേര കൈവന്നു. അതുവരെ കൂടെ നിന്നു സഹായിച്ച സഹോദരി വൈ.എസ്. ശർമ്മിളയ്ക്കു പക്ഷെ, അധികാരസ്ഥാനങ്ങളൊന്നും നൽകിയില്ല. മറ്റൊരു പാർട്ടിയുമായി തെലങ്കാനയിലേക്കു നീങ്ങിയ ശർമ്മിളയെ കർണ്ണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് ദേശീയ നേതൃത്വത്തിനു മുന്നിലെത്തിച്ചു.

ശർമ്മിള തിരികെ ആന്ധ്രയിലെത്തിയത് കോൺഗ്രസുകാരിയായി! ഇപ്പോൾ പി.സി.സി പ്രസിഡന്റ്. ഇത്തവണ വലിയ അദ്ഭുതങ്ങളൊന്നും കോൺഗസ് ഇവിടെ നിന്ന് പ്രതീക്ഷിക്കുന്നില്ല. കിട്ടുന്നതെല്ലാം ബോണസ്. കടപ്പയെങ്കിലും നേടി അഭിമാനം സംരക്ഷിക്കാനാണ് ശർമ്മിളയുടെ പോരാട്ടം. ജഗനെതിരെ തുടരെത്തുടരെ ശർമ്മിള ആക്രമണം നടത്തുന്നതുകൊണ്ടു തന്നെ കടപ്പ ദേശീയ ശ്രദ്ധ നേടി.

തെലുഗു വാരി

ആത്മഗൗരവം

ഒരു കാലത്ത് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ആന്ധ്രാപ്രദേശ്. 1977- ലെ ജനതാ തരംഗത്തിലും തെലുങ്കുനാട് ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. ഒന്നൊഴികെ 41 സീറ്റുകളും ഇന്ദിരാ കോൺഗ്രസ് കൊണ്ടുപോയി. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ദിരാ കോൺഗ്രസ് തന്നെ അധികാരത്തിലെത്തി. ഭരണകാലാവധി തികയ്ക്കാനായെങ്കിലും നാലു മുഖ്യമന്ത്രിമാരെ കോൺഗ്രസിന് അവതരിപ്പിക്കേണ്ടി വന്നു.

1982-ൽ ടി. ആഞ്ജയ്യ മുഖ്യമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ആന്ധ്രയിൽ സന്ദർശനത്തിനെത്തി. അദ്ദേഹത്തിന് വിമാനത്താവളത്തിൽ വച്ചുതന്നെ പാട്ടും നൃത്തവുമൊക്കെയായി കിടിലൻ സ്വീകരണമാണ് ആഞ്ജയ്യ ഒരുക്കിയത്. സുരക്ഷ പോലും കണക്കിലെടുക്കാതെ നടത്തിയ സ്വീകരണം രാജീവിന് അത്ര പിടിച്ചില്ല. അവിടെവച്ച് മുഖ്യമന്ത്രിയെ രാജീവ് കഠിനമായി ശകാരിച്ചു. തിരികെ ഡൽഹിയിലെത്തിയ ഉടൻ ആഞ്ജയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ രാജീവ് ഇന്ദിരയോട് ആവശ്യപ്പെട്ടു. ആഞ്ജയ്യ ഉടനടി പദവി ഒഴിഞ്ഞെങ്കിലും ആന്ധ്രയിലെ കോൺഗ്രസുകാർക്കിടയിലും തെലുങ്കർക്കിടയിലും തങ്ങളുടെ മുഖ്യമന്ത്രി അപമാനിക്കപ്പെട്ടതായി തോന്നലുണ്ടാക്കി.

ഇതേ കാലയളവിലാണ് എൻ.ടി. രാമറാവു കോൺഗ്രസിനെ വെല്ലുവിളിച്ച് തെലുഗുദേശം പാർട്ടിയുമായി എത്തുന്നത്. പേര് മുതൽ പ്രചാരണം വരെ സകലതിലും തെലുങ്കരുടെ ആത്മാഭിമാനമുണർത്താൻ എൻ.ടി.ആർ. ശ്രമിച്ചു. തെലുഗു വാരി ആത്മഗൗരവം (തെലുഗരുടെ ആത്മാഭിമാനം) എന്നത് തെലുഗു ദേശം പാർട്ടിയുടെ മുഖ്യ പ്രചാരണ വാചകമായി മാറി. 1983-ലെ തിരഞ്ഞെടുപ്പിൽ 294-ൽ 201 സീറ്റും എൻ.ടി.ആർ നേടി.

അമ്മാവനെ വെട്ടി

മരുമകൻ


എൻ.ടി.ആറിനെ താഴെയിറക്കാൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഭാസ്‌കര റാവു ശ്രമിച്ചെങ്കിലും അതിന് വലിയ ആയുസുണ്ടായില്ല. 1985-ലെ തിരഞ്ഞെടുപ്പിലും തെലുങ്കു ദേശം പാർട്ടി വിജയിച്ചു. 1989-ൽ കോൺഗ്രസ് തിരിച്ചുവന്നെങ്കിലും മൂന്ന് മുഖ്യമന്ത്രിമാരുണ്ടായി. 1994-ൽ തന്റെ ഏറ്റവും വലിയ വിജയവുമായി എൻ.ടി.ആർ അധികാരത്തിലേറി. 294ൽ 216 സീറ്റ്. ഭാര്യ ലക്ഷ്മി പാർവതിയെ പിൻഗാമിയായി വാഴിക്കാനുള്ള നീക്കം മരുമകനും പാർട്ടിയിലെ രണ്ടാമനുമായ ചന്ദ്രബാബു നായിഡുവും മറ്റു കുടുംബാംഗങ്ങളും ചേർന്ന് തടഞ്ഞു. 1995-ൽ എൻ.ടി.ആറിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടതായി വന്നു. അതോടെ ചന്ദ്രബാബു നായിഡുവിന്റെ കാലം പിറന്നു. അടുത്ത വർഷം എൻ.ടി.ആർ അന്തരിച്ചു.

ചന്ദ്രബാബു നായിഡു തുടർച്ചയായി എട്ടരവർഷത്തിലേറെക്കാലം ഭരിച്ചു. ഹൈദരാബാദിനെ ഒരു സൈബർ നഗരമാക്കി മാറ്റാനായിരുന്നു ശ്രമം. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികൾ ആന്ധ്രയിലേക്ക് വിരുന്നെത്തി.

1984-ലെ ദേശീയ തിരഞ്ഞെടുപ്പിൽ 30 സീറ്റ് നേടിയ ടി.ഡി.പിയായിരുന്നു,​ വി.പി. സിംഗിന്റേയും 1999-ലെ അടൽ ബിഹാരി വാജ്‌പേയിയുടെയും സർക്കാരുകളെ താങ്ങിനിറുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

നാടറിഞ്ഞ

പദയാത്ര

നായിഡുവിന്റെ ഭരണത്തിന്റെ പകിട്ടുകൂടിയായതോടെ കോൺഗ്രസിന് തിരിച്ചുവരവുണ്ടാകില്ലെന്നായിരുന്നു പൊതുവെയുണ്ടായിരുന്ന ധാരണ. എന്നാൽ വൈ.എസ്.ആറിലൂടെ കോൺഗ്രസ് തിരിച്ചടിച്ചു. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം ആശുപത്രി നടത്തിക്കൊണ്ടിരിക്കെയാണ് വൈ.എസ്. രാജശേഖര റെഡ്ഡി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വ്യവസായിയായ അച്ഛൻ രാജറെഡ്ഡിയുടെ പ്രേരണ ഇതിനു പിന്നിലുണ്ടായിരുന്നു.

രാജറെഡ്ഡി 1998-ൽ ഒരു ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. ക്രിസ്ത്യൻ റെഡ്ഡി വിഭാഗത്തിൽപ്പെട്ട വൈ.എസ്. രാജശേഖര റെഡ്ഡി ദീർഘകാലം എം.എൽ.എയും എം.പിയും സംസ്ഥാന മന്ത്രിയുമൊക്കെയായതിന്റെ പരിചയത്തിലാണ് നായിഡുവിന്റെ കാലത്ത് പ്രതിപക്ഷ നേതാവായത്.


2003-ൽ വൈ.എസ്.ആർ ആന്ധ്രയിലെ 11 ജില്ലകളിലൂടെ ഒരു യാത്ര നടത്തി. ചുട്ടുപൊള്ളുന്ന വെയിലും വരണ്ട കാലാവസ്ഥയും വകവയ്ക്കാതെ കാൽനടയായി 60 ദിവസം നീണ്ടു,​ ആ യാത്ര. 1500-ഓളം കിലോമീറ്റർ നടപ്പ്. ജനങ്ങളുടെ പ്രശ്നങ്ങളറിയുകയും പരാതികൾ കേൾക്കുകയും ചെയ്തു. വികസിക്കുന്ന ഹൈദരാബാദിന്റെ മറുവശത്ത് കൃഷിനാശവും പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം കഷ്ടപ്പെടുന്ന ഒരു ജനതയുണ്ടെന്ന് ആ പദയാത്ര വെളിവാക്കി. ജനങ്ങൾ വൈ.എസ്.ആറിൽ ഒരു രക്ഷകനെ കണ്ടു. 2004-ലെ തിരഞ്ഞെടുപ്പിൽ 185 സീറ്റുമായി കോൺഗ്രസ് തിരിച്ചുവന്നു.

കർഷകർക്കുള്ള സൗജന്യ വൈദ്യുതി പദ്ധതി വലിയ ആശ്വാസമായി. ഗ്രാമീണർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ്, സൗജന്യ ആംബുലൻസ് സൗകര്യം, ജലയജ്ഞം എന്ന പേരിൽ ജലസേചന പദ്ധതികളുടെ സഞ്ചയം എന്നിവയെല്ലാം സർക്കാരിനെ ജനപ്രിയമാക്കി. 2009-ലെ തിരഞ്ഞെടുപ്പിൽ ഭരണം നിലനിറുത്തി. 2009 സെപ്തംബർ രണ്ടിന് ഹെലികോപ്ടർ അപകടത്തിൽ വൈ.എസ്.ആർ അവസാനിച്ചു. ആ ദുഃഖം താങ്ങാനാകാതെ നിരവധിപേർ ആത്മഹത്യ ചെയ്തു.

Advertisement
Advertisement