ചെറുവത്തൂർ ദേശീയപാതയിൽ സ്വർണ്ണവേട്ട

Saturday 11 May 2024 12:06 AM IST
കസ്റ്റംസ് പിടികൂടിയ സ്വർണ്ണം

ആഡംബര കാറിന്റെ രഹസ്യ അറയിൽ രണ്ട് കോടി രൂപയുടെ സ്വർണ്ണം


കാസർകോട്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് രണ്ട് കോടി രൂപയുടെ സ്വർണ്ണം. ചെറുവത്തൂർ ദേശീയ പാതയിൽ ആഡംബര കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 2838.35 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണ്ണത്തിന് 2.04 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവ് പറഞ്ഞു.

വിവിധ വിമാനത്താവളങ്ങളിലൂടെ കള്ളക്കടത്തായി കൊണ്ടുവന്ന സ്വർണ്ണം സംഭരിച്ച് ഉരുക്കി ആഭരണങ്ങൾ നിർമ്മിക്കാനായി കൊണ്ടുപോകുകയായിരുന്നു ഇതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വർണ്ണം കൊണ്ടുപോകാൻ ഉപയോഗിച്ച ഫോഡ് കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് മംഗളൂരുവിലെ ആഭരണ നിർമ്മാണ ശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വർണ്ണമെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മംഗളൂരു സ്വദേശി ദേവരാജ സേഠ് (66) കസ്റ്റംസിന് മൊഴി നൽകിയത്. കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലൂടെ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വർണ്ണം കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘം രഹസ്യകേന്ദ്രത്തിൽ സംഭരിക്കുകയും ഇവ പിന്നീട് ആഭരണ നിർമ്മാതാക്കൾക്ക് കൈമാറുകയും ചെയ്യുകയാണെന്നാണ് വിവരം. കോഴിക്കോട്, കരിപ്പൂർ, കൊച്ചി, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലൂടെയാണ് കോടികളുടെ സ്വർണ്ണക്കള്ളക്കടത്ത് നടന്നുവരുന്നത്. ഇത്തരത്തിൽ കടത്തുന്ന സ്വർണ്ണത്തിൽ ചെറിയൊരു ശതമാനം മാത്രമാണ് പരിശോധനയിൽ പിടികൂടാൻ കഴിയുന്നത്.

Advertisement
Advertisement