വനം വകുപ്പിൽ ഡ്രൈവർ തസ്തിക നേർപകുതി

Sunday 12 May 2024 1:01 AM IST

തിരുവനന്തപുരം: വനംവകുപ്പിലെ പകുതിയിലേറെ വാഹനങ്ങൾക്കും സ്ഥിരം ‌ഡ്രൈവ‌ർമാരില്ല. പുതിയ തസ്തിക സൃഷ്ടിക്കാത്തതാണ് കാരണം. 501 വാഹനങ്ങളിൽ 243 എണ്ണത്തിനുമാത്രമേ സ്ഥിരം ഡ്രൈവർമാരുള്ളൂ. ശേഷിക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് താത്കാലികക്കാരെ ഉപയോഗിച്ച്. കൂടുതൽ തസ്തിക സൃഷ്ടിക്കാൻ രണ്ടുമാസം മുമ്പ് നടപടി തുടങ്ങിയെങ്കിലും തിര‌ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിലച്ചു.

കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റാങ്ക്‌ പട്ടിക നിലവിലുണ്ടെങ്കിലും തസ്തിക സൃഷ്ടിക്കാത്തതിനാൽ നിയമനം നടക്കുന്നില്ല. കുറച്ച് ഒഴിവുകളുണ്ടെങ്കിലും അവ ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഒരു മാസത്തിനകം ഈ ലിസ്റ്റുകളുടെ കാലാവധി അവസാനിക്കും. അതിനുമുമ്പ് നിലവിലുള്ള ഒഴിവുകളെങ്കിലും റിപ്പോർട്ട് ചെയ്യണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

വളരെ കുറച്ചുപേരെ മാത്രം ഉൾക്കൊള്ളിച്ചിരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ മെയിൻ ലിസ്റ്റിൽ നിന്ന് മുഴുവൻപേർക്കും നിയമനം നൽകി. ആലപ്പുഴ ഒഴികെ 13 ജില്ലകളിലായി 81 പേർക്കാണ് ഇതുവരെ നിയമനം നൽകിയത്.

Advertisement
Advertisement