കണ്ണൂർ കള്ളനോട്ട് കേസ് പിടിയിലായ യുവതി മുഖ്യപ്രതി

Sunday 12 May 2024 12:07 AM IST

കണ്ണൂർ: കാൾടെക്സിലെ ബാറിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ പിടിയിലായ യുവതി വടക്കെമലബാറിലെ കള്ളനോട്ടു സംഘത്തിന് നേതൃത്വം നൽകിയെന്ന സൂചന നൽകി പൊലീസ്. ഡ്രൈവിംഗ് സ്‌കൂളിന്റെ മറവിൽ ഇവർ വ്യാപകമായി കള്ളനോട്ടു വിതരണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

കാസർകോടും കർണാടകയിലും ഇവർക്ക് കള്ളനോട്ടു സംഘങ്ങളുമായി ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ചപ്പാരപ്പടവ് പാടിയോട്ടുചാൽ സ്വദേശിനി പി.പി. ശോഭ (45)യെ കഴിഞ്ഞ ദിവസമാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. നേരത്തെ കേസിൽ പയ്യന്നൂർ സ്വദേശി ഷിജു (36)അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഷിജുവിന് ശോഭയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബിൽ ഫോൾഡറിൽ വെച്ച് കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയിൽ സിസിടിവി അടക്കം പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 500 രൂപയുടെ അഞ്ച് കള്ളനോട്ടുകൾ കൂടി പൊലീസ് കണ്ടെത്തിയിരുന്നു.

മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽ നിന്നുകിട്ടിയ കൂലിയാണെന്ന് ആദ്യം ഇയാൾ പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്. തുടർന്ന് ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തിരുന്നു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും, ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. ശോഭ കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുന്ന യുവതി കാസർകോട്ട് ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട്, മംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് സംഘത്തിന്റെ താവളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കള്ളനോട്ട് വാർത്ത

Advertisement
Advertisement