 ഗവർണർക്ക് രൂക്ഷ വിമർശനം രാജ്‌ഭവനിൽ പോവില്ല,​ തെളിവുകളുണ്ട്: മമത

Sunday 12 May 2024 1:13 AM IST

കൊൽക്കത്ത: ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. ലൈംഗിക പീഡന പരാതിയിൽ ഗവർണർക്കെതിരെ തെളിവുകളുണ്ടെന്നും എന്തുകൊണ്ടാണ് രാജി വയ്ക്കാത്തതെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും മമത പറഞ്ഞു.

ഗവർണറുടെ അടുത്തിരിക്കുന്നതുപോലും പാപമാണ്. അതിനാൽ ആനന്ദബോസ് ഉള്ളിടത്തോളം കാലം രാജ്ഭവനിൽ പോകില്ല.

വേണമെങ്കിൽ അദ്ദേഹത്തെ തെരുവിൽവച്ച് കാണാം.

രാജ്ഭവൻ ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തതാണ്. സംഭവം നടന്ന ദിവസത്തെ മുഴുവൻ ദൃശ്യങ്ങളും തന്റെ കൈയിലുണ്ട്. കൂടുതൽ വീഡിയോകളുള്ള ഒരു പെൻഡ്രൈവ് തന്റെ കൈയിലുണ്ട്. അതിലെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കൂടുതൽ സംഭവങ്ങൾ പുറത്തുവരുമെന്നും മമത ആരോപിച്ചു. മമത വൃത്തികെട്ട രാഷ്ട്രീയം ആനന്ദബോസ് നേരത്തെ പ്രതികരിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറാൻ രാജ്ഭവൻ വിസമ്മതിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിക്കാൻ ആനന്ദബോസ് തീരുമാനിച്ചത്. മേയ് രണ്ടിന് വൈകിട്ട് 5.30 മുതൽ ഒരു മണിക്കൂർ നീണ്ട ദൃശ്യങ്ങളാണ് രാജ്ഭവൻ ഹാളിൽ പ്രദർശിപ്പിച്ചത്.

Advertisement
Advertisement