144 വില്ലേജുകളിൽ ഫീൽഡ് സർവേ പൂർത്തിയായി, ഡിജിറ്റൽ സർവേ മുന്നോട്ട് 

Monday 13 May 2024 1:44 AM IST

കൊച്ചി: സംസ്ഥാനത്ത് 144 വില്ലേജുകളുടെ ഡിജിറ്റൽ ഫീൽഡ് സർവേ പൂർത്തിയായി. ആദ്യഘട്ടത്തിലെ 139 വില്ലേജുകളിലും രണ്ടാംഘട്ടത്തിലെ അഞ്ച് വി​ല്ലേജുകളിലുമാണ് നടന്നത്. 3.30 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ കഴിഞ്ഞു. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലും രണ്ടാംഘട്ടത്തിൽ 231 വില്ലേജുകളിലുമാണ് സർവേ. രണ്ടാംഘട്ടത്തിലെ 59 വില്ലേജുകളിൽ സർവേ നടപടികൾ പുരോഗമിക്കുന്നു.
ആദ്യഘട്ടത്തിലെ 20 വില്ലേജുകളിൽ സർവേ നടപടികൾ 90 ശതമാനം പിന്നിട്ടു. 41 വില്ലേജുകളിൽ അന്തിമഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്നതാണ് റവന്യൂ വകുപ്പിന്റെ 'എന്റെ ഭൂമി​" ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഡിജിറ്റൽ ഭൂസർവേ വിജയിച്ചതിനെ തുടർന്നാണ് നടപടി. ഇതിനായി ഡ്രോൺ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇതുവഴി ഭൂമിസംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനാവും.

അതിരുകൾ വ്യക്തമാവണം,
രേഖകൾ കൈമാറണം

കൃത്യമായ സർവേ റെക്കാഡ് തയ്യാറാക്കുകയെന്നത് അധികൃതരുടെ ഉത്തരവാദിത്വവും പൊതുജനങ്ങളുടെ അവകാശവുമാണ്. ഉദ്യോഗസ്ഥർക്കു രേഖകൾ കൈമാറുകയും അതിരുകൾ വ്യക്തമായി കാണുംവിധം തെളിച്ചിടുകയും വേണം.

കൈക്കൂലി ചോദിച്ചാൽ
പരാതിപ്പെടാം

സർവേ നടപടികൾക്ക് പണം നൽകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചാൽ പരാതിപ്പെടേണ്ട നമ്പർ: 1800 425 5080 (ടോൾഫ്രീ). വിജിലൻസ് അധികൃതരെയും അറിയിക്കാം.

Advertisement
Advertisement