കടുത്ത വേനലിലെ കൃഷിനാശം; ജില്ലയിൽ 4049 കർഷകർ ദുരിതത്തിൽ

Monday 13 May 2024 1:00 AM IST
  • ജില്ലയിൽ 32.46 കോടി രൂപയുടെ നഷ്ടം
  • 3234 ഹെക്ടർ മേഖലയെ വേനൽ സാരമായി ബാധിച്ചു
  • 4049 കർഷകരാണ് ദുരിതം അനുഭവിക്കുന്നു
  • 1049 ഹെക്ടർ സ്ഥലത്തെ നെൽ കൃഷി പ്രതിസന്ധിയിലായി

പാലക്കാട്: കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ വിവിധയിടങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും കടുത്ത വേനൽ ഏൽപ്പിച്ച ദുരതത്തിൽ നിന്ന് കരകയറാതെ ജില്ല. ഫെബ്രുവരി പകുതിയോടെ ആരംഭിച്ച കനത്ത ചൂടിലും പിന്നീടുണ്ടായ ഉഷ്ണതരംഗത്തിലും ജില്ലയിൽ വ്യാപക കൃഷിനാശമെന്നാണ് പഠനറിപ്പോർട്ട്.

വേനലിലും വരൾച്ചയിലുമായി ജില്ലയിൽ മാത്രം 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. കൃഷിനാശം വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക ദൗത്യ സംഘത്തിന്റേതാണ് കണ്ടെത്തൽ.

ജില്ലയിലെ 3234 ഹെക്ടർ മേഖലയെ വേനൽ സാരമായി ബാധിച്ചു. 4049 കർഷകരാണ് കാർഷികനാശം മൂലം ദുരിതം അനുഭവിക്കുന്നത്. വരൾച്ച രണ്ടാംവിള നെൽക്കൃഷിയെ ബാധിച്ചു. 1049 ഹെക്ടർ സ്ഥലത്തെ നെൽ കൃഷി പ്രതിസന്ധിയിലായി. ഇതുകൂടാതെ 723 ഏക്കർ സ്ഥലത്തെ വാഴ, 302 ഏക്കർ സ്ഥലത്തെ കുരുമുളക്, 42 ഹെക്ടർ ജാതി, 20 ഹെക്ടറിലെ പച്ചക്കറി എന്നിവയെയും വരൾച്ച ബാധിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്.

തിരിച്ചടിയായത് ജലക്ഷാമം

മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ് അതിനാൽ കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻ കാലങ്ങളിൽ വറ്റാതിരുന്ന കുളങ്ങളും തോടുകളും പോലും ഇത്തവണ വറ്റി. മഴക്കുറവുമായി ബന്ധപ്പെട്ടും അല്ലാതെയും വിളകൾക്ക് രോഗം വന്നതായും സംഘം കണ്ടെത്തി. കാർഷിക മേഖലയിൽ വേനലിന്റെ ആഘാതം മനസിലാക്കാൻ ബ്ലോക്ക് കൃഷി അസി.ഡയറക്ടർ, കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ, കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് എന്നിവർ അടങ്ങുന്ന സമിതിയെയാണു പഠനത്തിനു നിയോഗിച്ചത്. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറാണു പ്രവർത്തനം ഏകോപിപ്പിച്ചത്.

സർക്കാരിന് റിപ്പോർട്ട് നൽകി

കൃഷിവകുപ്പ് സംഘം സർക്കാരിന് റിപ്പോർട്ട് നൽകി. ഇതിൽ 4049 കർഷകർ കാർഷികനാശം മൂലമുള്ള ദുരിതം അനുഭവിക്കുന്നു. ജില്ലയെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്നുമാണ് റിപ്പോർട്ട്.

Advertisement
Advertisement