വിദേശ നിക്ഷേപകർ പിൻമാറുന്നു

Monday 13 May 2024 12:25 AM IST

കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വവും പൊതു തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെ കുറിച്ചുള്ള സംശയങ്ങളും ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂട്ടുന്നു. വിവിധ എക്സ്ചേഞ്ചുകളിൽ നിന്നുള്ള കണക്കുകളനുസരിച്ച് വിദേശ നിക്ഷേപകർ ഈ മാസം ആദ്യ പത്ത് ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും 17,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. ഏപ്രിലിൽ 8,700 കോടി രൂപ ഇവർ പിൻവലിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസുമായുള്ള നികുതി ഉടമ്പടിയെ കുറിച്ചുള്ള ആശങ്കകളും പിന്മാറ്റത്തിന് വേഗത കൂട്ടി.

പശ്ചിമേഷ്യയിൽ യുദ്ധ ഭീതി വീണ്ടും ശക്തമായതോടെ രാജ്യാന്തര വിപണിയിൽ വൻകിട ഹെഡ്ജ് ഫണ്ടുകൾ ഓഹരികളിൽ നിന്നും പണം വലിയ തോതിൽ പിൻവലിച്ച് സുരക്ഷിത മേഖലകളായ സ്വർണം, ഡോളർ എന്നിവയിൽ സജീവമായി. കോവിഡ് വ്യാപനത്തിനു ശേഷം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം തിരിച്ചൊഴുകാൻ തുടങ്ങിയെന്ന് ബ്രോക്കർമാർ പറയുന്നു. വരും ദിവസങ്ങളിലും ഇന്ത്യയിൽ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാധ്യത.

അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി സജീവമായി നിൽക്കുന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങിയതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്നും വൻകിട ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും പണം പിൻവലിച്ച് ബോണ്ടുകളിൽ നിക്ഷേപം നടത്തുകയാണ്. കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരിി വിപണി കനത്ത തകർച്ച നേരിട്ടിരുന്നു. വെള്ളിയാഴ്ചയ്ക്ക് മുൻപുള്ള ആറ് വ്യാപാര ദിനങ്ങളിൽ രാജ്യത്തെ ഓഹരികളുടെ വിപണി മൂല്യത്തിൽ 17 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. വെള്ളിയാഴ്ച ഇന്ത്യൻ ഓഹരികൾ തിരിച്ചു കയറിയെങ്കിലും അടുത്ത വാരം വിപണി കനത്ത തിരിച്ചടി നേരിടാൻ ഇടയുണ്ടെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. നാണയപ്പെരുപ്പ ഭീഷണി ഉയരുന്നതും ധനകാര്യ മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.

അതേസമയം സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ളാൻ (എസ്. ഐ. പി) ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ആഭ്യന്തര നിക്ഷേപകർ പ്രതിമാസം 20,000 കോടി രൂപയ്ക്കടുത്ത് വിപണിയിലെത്തിക്കുന്നതിനാൽ വിദേശ ധന സ്ഥാപനങ്ങളുടെ പിന്മാറ്റം ഇന്ത്യൻ ഓഹരികളിൽ കാര്യമായ വിൽപ്പന സമ്മർദ്ദം സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തുന്നത്. പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയിലധികമാണ് എസ്. ഐ. പി കൾ വഴി ഓഹരി വിപണിയിലെത്തുന്നത്.

വിദേശ നിക്ഷേപത്തിലെ ട്രെൻഡ്

ഫെബ്രുവരി 1539 കോടി രൂപ

മാർച്ച് 35,098 കോടി രൂപ

ഏപ്രിൽ -8,760 കോടി രൂപ

മാർച്ച് പത്ത് വരെ -17,000 കോടി രൂപ

Advertisement
Advertisement