സ്വന്തമായി ഭൂമി : പ്രതീക്ഷയോടെ ഒളകരക്കാർ

Monday 13 May 2024 12:05 AM IST

തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പിൻവലിച്ചാൽ,​ ഒളകര ആദിവാസി കോളനിയിലെ 44 കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികൾ. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് സർവേ നടപടിയാരംഭിച്ചത്. റെക്കാഡ് വേഗത്തിൽ പൂർത്തിയാകുകയും ചെയ്തു. മറ്റ് നടപടികളിലേക്ക് കടക്കും മുമ്പ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നിങ്ങിയതോടെ പ്രവർത്തനം മന്ദഗതിയിലായി.

തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായാൽ പട്ടയം ലഭ്യമാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചാണ് കോളനി നിവാസികൾ മുന്നോട്ട് പോകുന്നത്. സർവ്വേ നടപടികൾ ഒരു മാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് അവസാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീടുള്ള പ്രവർത്തനത്തിന് വേഗം കുറഞ്ഞെന്ന ആക്ഷേപം കോളനി നിവാസികൾക്ക് ഉണ്ടെങ്കിലും മന്ത്രി കെ.രാജനും ജില്ലാ കളക്ടറും നൽകിയ ഉറപ്പും പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്.

ഇരുവരുടെയും ശ്രമഫലമായാണ് സർവേ നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കിയത്. കോളനി നിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നതോടെ വീടുകൾ, റോഡ്, കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രവർത്തനവുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. 2020ൽ വനഭൂമി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. 44 കുടുംബങ്ങൾക്ക് 93.3 ഏക്കർ ഭൂമി അളന്ന് നൽകാൻ അന്ന് തീരുമാനിച്ചിരുന്നു. 44 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് ഒരു സെന്റ് ഭൂമി പോലുമില്ല. രണ്ട് പതിറ്റാണ്ടിലേറെയായി സമരമുഖത്തായിരുന്നു സ്വന്തമായി ഭൂമിയ്ക്കായി ഒളകരക്കാർ.


സബ് കളക്ടറുടെ നേതൃത്വത്തിൽ യോഗം


അടുത്തഘട്ടത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സബ് ഡിവിഷണൽ കമ്മിറ്റിയും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല കമ്മിറ്റിയും വനാവകാശപ്രകാരം ലഭിച്ച അപേക്ഷകളിൽ പരശോധിച്ച് ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമം പൂർത്തീകരിക്കണം. തുടർന്ന് അംഗീകാരം ലഭിച്ചാൽ പട്ടയം നൽകുന്ന നടപടിയിലേക്ക് കടക്കും.

Advertisement
Advertisement