ഉതിമൂട് കനാൽപ്പാലത്തിൽ വീണ്ടും കണ്ടെയ്നർ ലോറി കുടുങ്ങി

Monday 13 May 2024 12:15 AM IST

റാന്നി: ഉതിമൂട് വലിയകലുങ്കിലെ കനാൽപാലത്തിന് അടിയിൽ വീണ്ടും കണ്ടൈയ്‌നർ ലോറി കുടുങ്ങി. ഇതോടെ ഇവിടെ മേൽപ്പാലം വേണമെന്നാവശ്യം ശക്തമായി. കോടികൾ ചിലവഴിച്ചു നിർമ്മിച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട് വലിയകലുങ്കിൽ കൂടി കടന്നു പോകുന്ന പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ പാലമാണ് വലിയ വാഹനങ്ങൾക്ക് ഭീഷണിയായി മാറുന്നത്. പാതയ്ക്ക് കുറുകെ കനാൽ കടന്നു പോകുന്നതിനാൽ ഉയരം കൂടിയ വാഹനങ്ങൾക്കും, ഭാരം കയറ്റി വരുന്ന വലിയ ലോറികൾക്കും കടന്നുപോകുവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശത്ത് മേൽപ്പാലം പണിയുന്നതിലൂടെ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാനാകൂ. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഉപയോഗം പൂർണമാകണമെങ്കിൽ പാലം കൂടിയെ തീരു. നിരവധി വലിയ വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകാൻ കഴിയാതെ തിരിച്ചുപോകുന്ന സാഹചര്യമുണ്ടാവുന്നത്. ഇങ്ങനെ പോകുന്ന വാഹനങ്ങൾ വടശേരിക്കര വഴി വേണം എത്താൻ. ദൂരെ ദിക്കുകളിൽ നിന്നുമെത്തുന്ന ഡ്രൈവർമാർക്ക് സ്ഥലത്തെത്തി കഴിയുമ്പോൾ മാത്രമെ ഇതു വഴി കടന്നു പോകാൻ കഴിയില്ലെന്നു മനസിലാകു. ഇതു വലിയ സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തുകയാണ്. ഇതിന് പരിഹാരമായി മേൽപ്പാലമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടു വയ്ക്കുന്നത്.

Advertisement
Advertisement