ചെന്നൈ ചിരി!

Monday 13 May 2024 3:40 AM IST

രാജസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തി ചെന്നൈ

ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 5വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ചെന്നൈ മൂന്നാം സ്ഥാനത്തേക്കുയർന്നു. അതേസമയം 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള രാജസ്ഥാൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അവരുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെ നേടാനായുള്ളൂ. മറുപടിക്കിറങ്ങിയ ചെന്നൈ 10 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (142/5)​.

തീരുമാനം പാളി

ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരഫലം. പകൽ നിലവിലെ കാലാവസ്ഥയനുസരിച്ച് ചെപ്പോക്കിലെ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്നാണ് കരുതിയതെന്നും രണ്ടാം ഇന്നിംഗ്സിൽ പിച്ച് സ്ലോയാകുമെന്നായിരുന്നു പ്രതീക്ഷയെന്നുമായിരുന്നു മത്സര ശേഷം സഞ്ജു പറഞ്ഞത്. എന്നാൽ തങ്ങളുടെ ധാരണ തെറ്റായിരുന്നെന്നും പ്രതീക്ഷിച്ചതിനേക്കാൾ 20-25 റൺസ് കുറവാണ് സ്കോർ ചെയ്യാൻ കഴിഞ്ഞുള്ലൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വമ്പനടിയില്ല

രാജസ്ഥാന് യശ്വസി ജയ്‌സ്വാളും (24)​,​ ജോസ് ബട്ട്‌ലർ (21)​ എന്നിവർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പവർപ്ലേയിൽ വമ്പനടികളിലൂടെ സ്കോർ ഉയർത്താൻ ഇരുവർക്കുമായില്ല. യശ്വസിയെ ക്യാപ്ടൻ റുതുരാജിന്റെ കൈയിൽ എത്തിച്ച് സിമർജീത്താണ് 7-ാം ഓവറിൽ കൂട്ടുകെട്ട് പൊളിച്ചത്. 46 റൺസായിരുന്നു അപ്പോൾ ആർ.ആറിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. പിന്നാലെ ബട്ട്ലറിനേയും കുറച്ച് കഴിഞ്ഞ് താളം കണ്ടെത്താൻ കഴിയാതിരുന്ന സഞ്ജുവിനേയും (15)​ സിമർജീത്ത് തന്നെ പുറത്താക്കി. നാലാം വിക്കറ്റിൽ ഒന്നിച്ച റിയാൻ പരാഗും (പുറത്താകാതെ 35 പന്തിൽ 47)​ ധ്രുവ് ജുറലും (28)​ 29പന്തിൽ 40 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജുറലിനേയും ശുഭം ദുബെയേയും (0)​ അവസാന ഓവറിലെ അടുത്തടുത്ത പന്തുകളിൽ തുഷാർ പുറത്താക്കി. ചെന്നൈയ്ക്കായി സിമർജീത്ത് 3വിക്കറ്റ് വീഴ്ത്തി.

ശ്രദ്ധയോടെ

വിജയം അത്യാവശ്യമായ മത്സരത്തിൽ ശ്രദ്ധയോടെ ബാറ്റ് ചെയ്ത ചെന്നൈ ബാറ്റ‌ർമാർ പ്രശ്നങ്ങളില്ലാ ടീമിനെ വിജയതീരത്തെത്തിച്ചു. ക്യാപ്ടൻ റുതുരാജ് (പുറത്താകാതെ42)​ ക്യാപ്ടന്റെ ഇന്നിംഗ്സുമായി ഒരു വശത്ത് ആങ്ക‌ർ റോൾ ഗംഭീരമാക്കി ടീമിനെ വിജയതീരത്തെത്തിച്ചു. രചിൻ (27)​,​ മിച്ചൽ (22)​,​ ശിവം ദുബെ (11 പന്തിൽ 18)​,​ ഇംപാക്ട് പ്ലെയർ സമീർ റിസ്‌വി (8 പന്തിൽ 15)​ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അശ്വിൻ 2 വിക്കറ്റ് വീഴ്ത്തി.

Advertisement
Advertisement