റഷ്യയിൽ യുക്രെയിൻ ആക്രമണം: 7 മരണം
Monday 13 May 2024 7:04 AM IST
മോസ്കോ : റഷ്യൻ നഗരമായ ബെൽഗൊറോഡിലുണ്ടായ യുക്രെയിൻ മിസൈലാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.10ന് യുക്രെയിൻ വിക്ഷേപിച്ച മിസൈൽ റഷ്യ വെടിവച്ചിട്ടെങ്കിലും പത്തുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു.
ബെൽഗൊറോഡിൽ യുക്രെയിൻ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. 12ഓളം മിസൈലുകളാണ് റഷ്യയെ ലക്ഷ്യമാക്കിയത്. യുക്രെയിനിലെ ഖാർക്കീവ് അതിർത്തിയിലേക്ക് കടന്നുകയറ്റം ആരംഭിച്ച റഷ്യ കഴിഞ്ഞ ദിവസം അഞ്ച് ഗ്രാമങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതുവരെ 4,000ത്തിലേറെ പേരെ ഖാർക്കീവിൽ നിന്ന് ഒഴിപ്പിച്ചതായി യുക്രെയിൻ അറിയിച്ചു.