നാവുനനയ്ക്കാൻ ഒരുതുള്ളിയില്ല കുടിവെള്ളം റോഡിൽ...

Tuesday 14 May 2024 1:19 AM IST

ഉദിയൻകുളങ്ങര: അമരവിള,​ കാരക്കോണം റോഡിലൂടെ വഴിനടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ കുടിവെള്ള പൈപ്പ് പൊട്ടി ഇവിടെ വെള്ളക്കെട്ടായി മാറിയിട്ട് കാലങ്ങളായി. ഓരോ പ്രാവശ്യവും പൈപ്പ് നന്നാക്കാറുണ്ടെങ്കിലും തൊട്ടുപിന്നാലെ തന്നെ അവ വീണ്ടും പൊട്ടും. നവീകരണം നടക്കുന്ന അമരവിള- കാരക്കോണം റോഡിൽ വാട്ടർഅതോറിട്ടി കുടിവെള്ള പൈപ്പ് അശാസ്ത്രിയമായാണ് സ്ഥാപിച്ചതെന്നാണ് പൊതുമരാമത്ത് ആരോപിക്കുന്നത്. അമരവിള എയ്തുകൊണ്ടാൻകാണി,​ ധനുവച്ചപുരം ഗേൾസ് സ്കൂളിന് സമീപം,​ ധനുവച്ചപുരം ഐടി നട എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടൽ മുറപോലെ നടക്കുന്നുണ്ട്. ഈ പൈപ്പുവെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലമില്ലാത്തതിനാൽ നിർമ്മാണം നടക്കുന്ന റോഡിന്റെ ഭാഗത്തേക്ക് ഒഴുകിയെത്തും. ഇത് വെള്ളക്കെട്ടിന് കാരണമാകുന്നു.

വേനൽ കടുത്തതോടെ പ്രദേശം വൻ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നൂറുകണക്കിന് ആളുകളുടെ ദാഹമകറ്റേണ്ട വെള്ളം അധികൃതരുടെ അനാസ്ഥകാരണം ഒഴുകിപ്പോകുന്നത്. ഓരോ തവണയും പൈപ്പ് പൊട്ടുമ്പോൾ പലതവണ പറഞ്ഞാലാണ് അധികൃതരെത്തി പൈപ്പ് നന്നാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്രയും ദിവസം പ്രദേശത്ത് വെള്ളം കിട്ടാറുമില്ല,​ റോഡിലേക്ക് ഇറങ്ങാനും പറ്റില്ല.

കഴിഞ്ഞ ദിവസം ഈ വഴി വന്ന 4 ഓളം ബൈക്ക് യാത്രക്കാരാണ് റോഡിലെ കുഴിയറിയാതെ വെള്ളക്കെട്ടിൽ മറിഞ്ഞുവീണത്.

കുളമായി റോഡ്

അമരവിള, വെള്ളറട റോഡ് പണികൾ നടന്നുകൊണ്ടിരിക്കുന്ന ഈ സ്ഥലത്ത് പൈപ്പ്ഇടൽ പണിയും നടന്നു വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കിയെങ്കിലും ഇന്നലെ പുലർച്ചെ പെപ്പ് പൊട്ടി റോഡിൽ വെള്ളം നിറഞ്ഞ കുളമായി മാറി. ഇപ്പോൾ റോഡാണോകുളമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.

കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ. ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി തവണ വാട്ടർ അതോറിട്ടിയെ വിവരം അറിയിച്ചെങ്കിലും ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Advertisement
Advertisement