കൊട്ടിയൂർ നെയ്യമൃത് സംഘത്തിന്റെ നിവേദ്യം നാട്ടുകാർക്കും പ്രിയതരം

Tuesday 14 May 2024 12:07 AM IST
നെയ്യമൃത് സംഘം ഉച്ചക്കഞ്ഞി കഴിക്കുന്നു

തലശ്ശേരി: കൊട്ടിയൂർ പെരുമാളിന്റെ നെയ്യമൃത് സംഘത്തിന്റെ ഭക്ഷണം നാട്ടുകാർക്കും പ്രിയതരമാകുന്നു. മേയ് ഒന്നു മുതൽ കഠിനവ്രതമനുഷ്ഠിച്ചു വരുന്ന ഇവർ കുളിച്ച് ശുദ്ധി വരുത്തി സ്വയം ഭക്ഷണം പാകം ചെയ്യുകയാണ്.

പുരാതന ഉത്തര കേരളത്തിലെ രുചിയൂറും നാട്ടു വിഭവങ്ങളാണ് ഇവർ പാചകം ചെയ്യുന്നത്. പല വീടുകളിലായാണ് ഇവരുടെ ഭക്ഷണം. അയൽവാസികളെയും ക്ഷണിക്കും. നിലത്ത്ചമ്രം പടിഞ്ഞിരുന്ന് വാഴത്തട കൊണ്ടുണ്ടാക്കിയ തളത്തിൽ ഇല വെച്ചാണ് കുത്തിയരിക്കഞ്ഞി വിളമ്പുക. മറ്റൊരിലയിൽ വെള്ളരിയും മോരും ചേർത്തുള്ള ബന്നി, ഉഴുന്ന് കൊണ്ടുള്ള മധുര പുഴുക്ക്, മാങ്ങാ പെരക്ക്, വറ്റിച്ചെടുത്ത ചക്കപ്പുഴുക്ക്, പപ്പടം, പശുവിൻ നെയ്യ്, തേങ്ങാ പൂള് തുടങ്ങിയ വിഭവങ്ങളാണ് ഉച്ചനേരത്തെ വിഭവങ്ങൾ. രാത്രി അത്താഴത്തിന് ചോറ്, സാമ്പാർ, പുളിങ്കറി, കടലപ്പുഴുക്ക്, മാങ്ങാ പെരക്ക്, പപ്പടം, അവിയൽ, മാങ്ങാ അച്ചാർ, പായസം, മെഴുക്കുപുരട്ടി, മോര്, രസം എന്നിവയൊക്കെ ഉണ്ടാവും.

പ്രശസ്ത പാചക വിദഗ്ദ്ധനും പതിറ്റാണ്ടുകളോളം ചെമ്പ്രമഠത്തിലെ നെയ്യമൃത് സംഘത്തെ നയിക്കുകയും ചെയ്ത കൂറ്റ്യേരി വീട്ടിൽ രാഘവൻ നമ്പ്യാരാണ് പാചകകലയുടെ രസതന്ത്രം തന്റെ ശിഷ്യർക്ക് പകർന്നേകിയത്.
28 ദിവസത്തെ വ്രതത്തിനിടെ 16ന് ചൊക്ലി നിടുമ്പ്രം നള്ളക്കണ്ടി സങ്കേതത്തിൽ പ്രവേശിക്കും.18ന് കാൽനടയായി പുറപ്പെട്ട് 21ന് രാത്രി വില്ലിപ്പാലൻ വലിയകുറുപ്പ്, തമ്മങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കലശ പാത്രത്തിലുള്ള നെയ്യ് സമർപ്പിക്കും. തുടർന്ന് ഒട്ടേറെ മഠങ്ങളും നെയ്യ് സമർപ്പിക്കും. ചോതി വിളക്ക് തെളിയുന്നതോടെ അക്കരെ കൊട്ടിയൂരിൽ വൈശാഖമഹോത്സവത്തിന് തുടക്കമാവും.

Advertisement
Advertisement