മോദിയുടെ പത്രികാ സമർപ്പണം ഇന്ന്

Tuesday 14 May 2024 1:43 AM IST

ന്യൂഡൽഹി: വാരാണസിയിൽ ഹാട്രിക് ജയം തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമർപ്പിക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിർന്ന ബി.ജെ.പി നേതാക്കൾ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അവസാന ഘട്ടത്തിൽ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്.

പത്രികാസമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ വാരാണസിയിൽ 4-5 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോയും നടത്തി. ഗംഗയിൽ കുളിച്ചുവന്ന് മാളവ്യ ചൗര്യയിൽ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരമണിയിച്ച ശേഷമായിരുന്നു മാളവ്യ ചൗര മുതൽ ശ്രീ കാശി വിശ്വനാഥ് ധാം വരെ നീണ്ട റോഡ്ഷോ.

സന്ത് രവിദാസ് ഗേറ്റ്, അസ്സി, ശിവാല, സോനാർപുര, ജംഗമ്പാടി, ഗൊഡൗലിയ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ കാണാൻ വീഥിക്ക് ഇരുവശത്തും നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു. റോഡ്‌ഷോയിൽ വിവിധ ഇടങ്ങളിൽ മറാത്തി, ഗുജറാത്തി, ബംഗാളി, മഹേശ്വരി, മാർവാരി, തമിഴ്, പഞ്ചാബി വിഭാഗങ്ങളിൽ നിന്നുള്ളവർ ശംഖ് മുഴക്കി മോദിയെ സ്വീകരിച്ചു. റോഡ് ഷോയ്‌ക്കു ശേഷം മോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുത്തു.

Advertisement
Advertisement