എം.സെൽവരാജ് എം.പി നിര്യാതനായി

Tuesday 14 May 2024 1:09 AM IST

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സി.പി.ഐ നേതാവും നാഗപ്പട്ടണം എം.പിയുമായ സെൽവരാജ് (67) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ശ്വാസ തടസമുണ്ടായതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാഗപ്പട്ടണത്ത് നിന്ന് നാല് തവണ സെൽവരാജ് ലോക്സഭയിലെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചില്ല. സംസ്കാരം ഇന്ന് രാവിലെ.

1957 മാർച്ച് 16ന് തിരുവാരൂർ ജില്ലയിലെ കപ്പലുടയൻ ഗ്രാമത്തിലാണ് സെൽവരാജ് ജനിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ 1989ലാണ് ആദ്യം എ.പിയാകുന്നത്. 1996, 1998, 2019 വർഷങ്ങളിലും വിജയിച്ചു. ഭാര്യ: കമലാവതനം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയും അനുശോചിച്ചു.

Advertisement
Advertisement