ഉൾവെളിച്ചത്തിൽ അമൃത സംഗീതം

Wednesday 15 May 2024 4:36 AM IST
അമൃത കരോക്കേ ഗാനമേളയിൽ പാടുന്നു

തിരുവനന്തപുരം: 'സുധാമയി സുധാനിധി...' അമൃതവർഷിണി രാഗത്തിലെ കീർത്തനം പാടുമ്പോൾ തലകുലുക്കി താളമടിച്ച് ആസ്വദിക്കുന്ന സദസിനെ കാണാൻ അമൃതയ്ക്ക് സാധിക്കില്ല. കച്ചേരിക്കുശേഷം ലഭിക്കുന്ന നിറകൈയടിയാണ് കാഴ്ചശക്തിയില്ലാത്ത ഈ 19കാരിയുടെ ആത്മബലം. ഏഴുവർഷമായി ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഗവ. വിമൻസ് കോളേജിലെ രണ്ടാംവർഷ ബി.എ മ്യൂസിക് വിദ്യാർത്ഥിയായ അമൃത അടുത്തിടെ ഒരു സ്വകാര്യവേദിയിൽ പാടിയ 'വിജനസുരഭീ വാടികളിൽ...' എന്ന സിനിമാഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പരിപാടിയുടെ ഇടവേളയിലായിരുന്നു പാടിയത്. പുറത്തുനിന്ന് അമൃതയുടെ ശബ്ദമാധുര്യം കേട്ട് ഓടിവന്നപ്പോഴാണ് കൂളിംഗ് ഗ്ലാസ് വച്ച് പാടുന്ന പെൺകുട്ടി കാഴ്ചപരിമിതയാണെന്ന് പലരും തിരിച്ചറിഞ്ഞത്.

മാവേലിക്കര സ്വദേശികളായ ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ സതീഷ്‌കുമാറിന്റെയും ബീനയുടെയും ഇളയമകളായ അമൃതയ്ക്ക് ജന്മനാ കാഴ്ചശക്തിയില്ലായിരുന്നു. പ്രീമെച്വർ ബെർത്ത് ആയിരുന്നു. ഇൻക്യുബേറ്ററിൽ വച്ച് നൽകിയ ഓക്സിജന്റെ അളവ് കൂടിയത് കണ്ണിന്റെ റെക്ടിനയെ ബാധിച്ചതോടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. മൂന്നു ശസ്ത്രക്രിയകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. അഞ്ചുവയസുള്ളപ്പോൾ അമൃത പാട്ടുകൾ കേട്ട് താളമടിക്കാൻ തുടങ്ങി. സംഗീതവാസന തിരിച്ചറിഞ്ഞ വീട്ടുകാർ ആറാംവയസിൽ ഗായകൻ അനിൽ ചമ്പക്കരയുടെ കീഴിൽ അരങ്ങേറ്റം കുറിപ്പിച്ചു. പെട്ടെന്ന് വിയർക്കുകയും അസുഖം വരികയും ചെയ്യുന്നതിനാൽ സ്റ്റേജ് പരിപാടികൾക്ക് പോകുമ്പോൾ മാതാപിതാക്കൾക്ക് പേടിയുണ്ട്. മകളുടെ സംഗീത പഠനത്തിനു വേണ്ടിയാണ് സതീഷ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിയത്. ഇപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് താമസം. സഹോദരി അനീഷാ(ജേർണലിസം ഡിപ്ലോമാ വിദ്യാർത്ഥി).

സംഗീതാദ്ധ്യാപിക ആകണം

ഡിഗ്രിയും പി.ജിയും പൂർത്തിയാക്കി സംഗീതാദ്ധ്യാപിക ആകാനാണ് മോഹം. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'വട്ടിയൂർക്കാവ് വൈബ്' കൂട്ടായ്മയിലെ ഗായികയാണ്. നവരാത്രിയോട് അനുബന്ധിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും പാടാറുണ്ട്.

Advertisement
Advertisement