ഭരണ പരിഷ്കാര സമിതി റിപ്പോർട്ട് ധനകാര്യ വകുപ്പിൽ നിയമന ധൂർത്ത് 107 നിയമനങ്ങൾ ഉടൻ റദ്ദാക്കണം

Wednesday 15 May 2024 12:20 AM IST

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചെലവിൽ മിതത്വം പാലിക്കേണ്ട ധനകാര്യ വകുപ്പിൽ നിയമന ധൂർത്ത് നടക്കുന്നുവെന്ന് പൊതുഭരണവകുപ്പ് നിയോഗിച്ച ഭരണ പരിഷ്കാര വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ആരോപണം. മാസം 60 ലക്ഷം രൂപയിലേറെ അധിക ചെലവുണ്ടാക്കുന്ന 107 താത്കാലിക നിയമനങ്ങൾ ഉടൻ റദ്ദാക്കണം. താത്കാലിക നിയമനങ്ങൾ കൂടി ഉൾപ്പെടുത്തി നിർണയിച്ച സെക്ഷൻ ഓഫീസ് കേഡറിലെ 11 തസ്തികകളും അസിസ്റ്റന്റ് കേഡറിലെ 41 തസ്തികകളും പുനർനിർണയം നടത്തണം.

2014 മുതൽ 2021വരെ ശമ്പള പരിഷ്ക്കരണ കമ്മിഷൻ, ധനകാര്യ കമ്മിഷനുകൾ, അനോമലി റെക്ടിഫിക്കേഷൻ സെല്ലുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി താത്കാലികാടിസ്ഥാനത്തിൽ 13 തസ്തികകളിലായി 107 നിയമനങ്ങളാണ് നടത്തിയത്. ആവശ്യങ്ങൾ പൂർത്തിയാക്കിയതോടെ ഇൗ തസ്തികകൾ ഒഴിവാക്കാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും പാലിച്ചില്ല. ഇതുമൂലം മാസം 60,31,685 രൂപയുടെ അധികചെലവ് സർക്കാരിന് വരുന്നു.

മറ്റു വകുപ്പുകളിൽ നിന്ന് ഇത്തരം നിർദ്ദേശങ്ങൾ വരുമ്പോൾ ഇഴകീറി പരിശോധിക്കുന്ന ധനവകുപ്പ് അവയെല്ലാം തള്ളാറാണ് പതിവ്. എന്നാൽ, റെക്കാർഡ് ഡിജിറ്റലൈസേഷന്റെ പേരുപറഞ്ഞ് ധനവകുപ്പിൽ താത്കാലിക തസ്തികകൾ സൃഷ്ടിച്ചത് മന്ത്രിസഭയുടെ പോലും അനുമതിയില്ലാതെയാണ്. ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി ധനവകുപ്പു തന്നെ 2018 ഏപ്രിൽ 17ന് പുറപ്പെടുവിച്ച ഉത്തരവ് മറ്റു വകുപ്പുകൾക്ക് മാത്രമാണ് ബാധകമാക്കുന്നത്.

കൂടുതൽ പരിശോധിച്ചാൽ

ഇനിയും കണ്ടെത്താം

ജോലിഭാരം കണക്കിലെടുത്ത് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനു മുമ്പ് ധനവകുപ്പ് പൊതുഭരണ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വിഭാഗത്തിന്റെ അഭിപ്രായം തേടാറില്ല. കൂടുതൽ പരിശോധിച്ചാൽ ധനവകുപ്പിൽ ഇപ്പോൾ കണ്ടെത്തിയതിലേറെ അനാവശ്യ തസ്തികകളും നിയമനങ്ങളും കണ്ടെത്താം. നിലവിൽ കണ്ടെത്തിയ അധിക തസ്തികകൾ ഉടൻ നിറുത്തലാക്കണം.

പ്രായോഗികമല്ലെന്ന് ധനവകുപ്പ്

ധനവിഭാഗത്തിൽ അധിക ജോലിഭാരമുള്ളതിനാൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ധന വകുപ്പിന്റെ നിലപാട്. പൊതുഭരണവകുപ്പും ധനവകുപ്പും തമ്മിലുള്ള തർക്കത്തിനും റിപ്പോർട്ട് ഇടയാക്കിയിട്ടുണ്ട്.

Advertisement
Advertisement