സിദ്ധാർത്ഥ് കേസ്, പ്രതികളുടെ ജാമ്യഹർജിയിൽ അമ്മയെ കക്ഷിചേർത്തു

Wednesday 15 May 2024 12:39 AM IST

22ന് പരിഗണിക്കും

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷിചേരാൻ അമ്മ എം.ആർ. ഷീബയെ ഹൈക്കോടതി അനുവദിച്ചു. പ്രതികളുടെ ജാമ്യപേക്ഷയെ എതിർത്തുകൊണ്ടാണ് സിദ്ധാർത്ഥിന്റെ അമ്മ കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യഹർജികൾക്കൊപ്പം ഷീബയുടെ അപേക്ഷയും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് 22ന് പരിഗണിക്കാൻ മാറ്റി.

കേസിൽ സി.ബി.ഐ അറസ്റ്റുചെയ്ത എസ്.ഡി. ആകാശ്,ബിൽഗേറ്റ് ജോഷ്വ,വി. നസീഫ്,റെയ്‌ഹാൻ ബിനോയ്,എൻ. അസിഫ്ഖാൻ,അഭിഷേക്, ആർ.ഡി. ശ്രീഹരി,കെ. അഖിൽ,അൽതാഫ്,കെ. അരുൺ,അമീൻ അക്ബർ അലി എന്നിവരാണ് ജാമ്യഹർജി നൽകിയത്. കേസിൽ ഇതുവരെ 19 പേർക്കെതിരേ കുറ്റപത്രം സമ‌ർപ്പിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമർദ്ദനത്തിനും ഇരയായെന്ന് സി.ബി.ഐയുടെ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും അത് കണ്ടെത്തണമെന്നുമാണ് ഷീബയുടെ ആവശ്യം.

പ്രതികളുടെ പങ്ക് സി.ബി.ഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ വ്യക്തമാണ്. അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. വൈദ്യസഹായംപോലും നൽകാൻ പ്രതികൾ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യവും സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് സിദ്ധാർത്ഥിന്റെ അമ്മയുടെ ആവശ്യം.

അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും രണ്ടുമാസത്തിലധികമായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും ജാമ്യംനൽകണമെന്നുമാണ് ഹർജിക്കാരുടെ വാദം.

Advertisement
Advertisement