ന്യൂസ് ക്ലിക്ക് കേസിൽ സുപ്രീംകോടതി പ്രബിർ പുർകായസ്ഥ ജയിൽ മോചിതൻ

Thursday 16 May 2024 12:28 AM IST

ന്യൂഡൽഹി: യു.എ.പി.എ കേസിൽ ഏഴ് മാസത്തിലധികം തിഹാർ ജയിലിലായിരുന്ന ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്ഥ

ഇന്നലെ രാത്രിയോടെ മോചിതനായി. പ്രബിറിന്റെ അറസ്റ്റും ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ട പട്യാലഹൗസ് കോടതി

നടപടിയും നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനുപിന്നാലെയാണ് വിട്ടയച്ചത്. ഒരു ലക്ഷം രൂപയുടെ ജാമ്യബോണ്ട് വിചാരണക്കോടതിയിൽ കെട്ടിവച്ചു.

നിയമപോരാട്ടം തുടരുമെന്ന് പുറത്തിറങ്ങിയ പുർകായസ്ഥ പ്രതികരിച്ചു.

പുർകായസ്ഥയെ ജയിൽമോചിതനാക്കാൻ ജസ്റ്രിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ രാവിലെയാണ് ഉത്തരവിട്ടത്.

അറസ്റ്റും കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌ത് പ്രബിർ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. അറസ്റ്റിനുള്ള കാരണങ്ങ‍ൾ ഇ.‌ഡി രേഖാമൂലം എഴുതി നൽകണമെന്ന പങ്കജ് ബൻസൽ കേസിലെ വിധി യു.എ.പി.എ കേസുകളിലും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. കാരണങ്ങൾ പൊലീസ് എഴുതി നൽകിയില്ലെന്ന പുർകായസ്ഥയുടെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് തയ്യാറാക്കിയ റിമാൻ‌ഡ് അപേക്ഷയുടെ പകർപ്പ് പ്രബിറിനോ അഭിഭാഷകനോ നൽകിയിരുന്നില്ല. അതിനാൽ അറസ്റ്റിനുള്ള കാരണങ്ങൾ പൊലീസ് പ്രതിയെ അറിയിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ആൾജാമ്യവും ബോണ്ടും ഹാജരാക്കുന്ന മുറയ്ക്ക് പ്രബിറിനെ ജയിൽമോചിതനാക്കണമെന്നും നിർദ്ദേശിച്ചു.

ഉപാധികൾ

സാക്ഷ്കളെയും മാപ്പ് സാക്ഷികളെയും കാണരുത്

വിദേശയാത്രയ്ക്ക് കോടതിയുടെ മുൻകൂർ അനുമതി വേണം

യു.എ.പി.എ കേസിലും കാരണങ്ങൾ എഴുതിനൽകണം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എം ത്രീ എമ്മിന്റെ രണ്ട് ഡയറക്ടർമാർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് 2023 ഒക്ടോബർ നാലിന് പുറപ്പെടുവിച്ച വിധിയിലായിരുന്നു അറസ്റ്രിനുള്ള കാരണങ്ങൾ പ്രതിക്ക് എഴുതിനൽകണമെന്ന് സുപ്രീംകോടതി വിധിച്ചത്. കമ്പനി ഡയറക്ടർമാരായ പങ്കജ് ബൻസലിനെയും ബസന്ത് ബൻസലിനെയും വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. കാരണങ്ങൾ പ്രതിക്ക് എഴുതിനൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണെന്നും കൂട്ടിച്ചേർത്തു. പ്രബിറിനെതിരെയുള്ള യു.എ.പി.എ കേസ് പരിഗണിച്ചപ്പോഴും പങ്കജ് ബൻസൽ വിധി ബാധകമാണോയെന്ന് കോടതി പരിശോധിച്ചു. യു.എ.പി.എ ചുമത്തിയ കേസുകളിലും വിധി ബാധകമാണെന്ന് നിലപാടെടുത്തു.

ചൈന ബന്ധമുള്ളവരിൽ നിന്ന് ഫണ്ട് കൈപ്പറ്റി


ചൈനയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരിൽ നിന്ന് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ആരോപണത്തിൽ 2023 ഒക്ടോബർ മൂന്നിനായിരുന്നു പ്രബിറിന്റെ അറസ്റ്റ്. ചൈനയിൽ നിന്ന് ചില്ലിക്കാശ് പോലും ന്യൂസ് ക്ലിക്കിലേക്ക് വന്നിട്ടില്ലെന്നും വ്യാജക്കേസാണെന്നും പ്രബിർ വാദിച്ചു. എന്നാൽ, 75 കോടി രൂപ ചൈനയിൽ നിന്ന് സ്വീകരിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. സി.ബി.ഐ അന്വേഷണവും നടക്കുന്നുണ്ട്.

Advertisement
Advertisement