സുന്ദരിമാരുടെ സങ്കടങ്ങൾ

Friday 17 May 2024 12:44 AM IST

അമേരിക്കൻ സൗന്ദര്യ മത്സര വിപണി അപവാദങ്ങളുടെ കയത്തിൽ ആടിയുലയുകയാണ്. മിസ് യു.എസ്.എ, മിസ് ടീൻ യു.എസ്.എ സൗന്ദര്യറാണിമാർ സംഘാടകരുടെ ചൂഷണത്തെ തുടർന്ന് കിരീടം വെടിഞ്ഞതാണ് കാരണം. അനുഭവിച്ചുതീർത്ത മാനസികസംഘർഷങ്ങളുടെ കഥകളാണ് സുന്ദരിമാർക്ക് പറയാനുള്ളത്.

കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ചർച്ചാവിഷയം. സംഭവം അമേരിക്കയിലായതുകൊണ്ട് ലോകമാകെ പാട്ടാവുകയും ചെയ്തു. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ വംശജകൂടിയായ മിസ് ടീൻ യു.എസ്.എ ഉമാസോഫിയ ശ്രീവാസ്തവ എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ രാജിവച്ചത്. സൗന്ദര്യമത്സരത്തിന്റെ സംഘാടകരായ മിസ് യു.എസ്.എ ഓർഗനൈസേഷനുമായുള്ള കരാർ അവസാനിപ്പിച്ചാണ് ഇരുവരും കിരീടമഴിച്ചുവച്ചത്.

മാനസികരോഗ്യം ശ്രദ്ധിക്കാനും സ്വയം കരുതലിനുമാണ് രാജിയെന്നാണ് ഇരുപത്തിനാലുകാരിയായ നൊവേലിയ പറഞ്ഞത്. ഇതിന് 48 മണിക്കൂറിനകമാണ് കൗമാരസുന്ദരിയായ ഉമാസോഫിയ രാജിക്കത്ത് നൽകിയത്. താൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ, സൗന്ദര്യമത്സര സംഘാടകരുടേതുമായി ചേർന്നുപോകില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ നൊവേലിയയുടെ രാജിക്കത്ത് ചോർന്നതോടെ യു.എസ്. സൗന്ദര്യ മത്സര വിപണിയിലെ അത്ര സുന്ദരമല്ലാത്ത കാര്യങ്ങളാണ് പുറംലോകത്തെത്തിയത്.

'ഞാൻ നിശബ്ദയാക്കപ്പെട്ടു'

മിസ് യു.എസ് പെജന്റിന്റെ 72 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ രാജി വിവാദമാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നൊവേലിയയുടെ രാജിക്കത്തിലെ വരികളുടെ ആദ്യാക്ഷരങ്ങൾ ചേർത്തു വായിച്ചാൽ 'I am silenced' എന്നാണ് കിട്ടുകയത്രേ. ഒരു വർഷത്തെ കരാർ വച്ച് സൗന്ദര്യമത്സര വിജയികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നതായാണ് കത്തിൽ പറയുന്നത്. ഇവന്റുകളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുക, പൊതുപരിപാടികളിൽ സംസാരിക്കുക, സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുക എല്ലാം മിസ് യു.എസ്.എ ഓർഗനൈസേഷന്റെ ചൊൽപ്പടിയിലായിരിക്കണം. വാണിജ്യ താൽപര്യങ്ങൾക്കായി സുന്ദരിമാരെ ഒരു പാവയേപ്പോലെ അവർ നിയന്ത്രിക്കും. സ്വന്തമായി അഭിപ്രായം പറയാനോ താൽപര്യമില്ലാത്ത വേദികളിൽ നിന്ന് വിട്ടു നിൽക്കാനോ പറ്റാത്ത അവസ്ഥ. തടവിലാക്കപ്പെട്ട പ്രതീതിയായിരുന്നുവെന്ന് കത്തിൽ പറയുന്നു. സംഘടനയിലെ കെടുകാര്യസ്ഥതയും വിഷലിപ്തമായ ജോലി സാഹചര്യവും നൊവേലിയ ചൂണ്ടിക്കാട്ടുന്നു. മാനസിക വിഷമങ്ങൾ മുൻനിർത്തി ചില ചടങ്ങുകളിൽ എത്താതിരുന്നപ്പോൾ വട്ടാണെന്നു പറഞ്ഞ് മറ്റുള്ളവർക്കു മുന്നിൽ തന്നെ താറടിക്കാനാണ് മിസ് യു.എസ്.എ സംഘടനയുടെ പുതിയ പ്രസിഡന്റും സി.ഇ.ഒയുമായ ലൈല റോസ് ശ്രമിച്ചത്. കരാർ ലംഘിച്ചാൽ അച്ചടക്ക നടപടിയെടുക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും ഇ-മെയിലിൽ നിരന്തരം ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇത് അമേരിക്കൻ സുന്ദരിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു.

പീഡന പരാതിയും

നൊവേലിയ വൊയ്റ്റ് പരാതികളുടെ ഒരു നിര തന്നെ ഉന്നയിച്ചിട്ടുണ്ട്. പ്രൈസ് പാക്കേജിൽ പറഞ്ഞ യാത്രാ സൗകര്യങ്ങളോ അപ്പാർട്മെന്റോ കാറോ കിട്ടിയില്ലെന്നും അവർ പറഞ്ഞു. സുരക്ഷിതയല്ലെന്ന തോന്നൽ അതോടെ ഉടലെടുത്തു. കഴിഞ്ഞ ക്രിസ്മസ് വേളയിൽ ഫ്ലോറിയയിലെ സരസോട്ടയിൽ നടന്ന പരേഡിൽ ഔദ്യോഗിക ക്ഷണിതാവായിരുന്നു. അവിടെ ഒരു അപരിചിതന്റെ കാറിൽ കയറേണ്ടിവന്നു. ഇയാൾ ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും അശ്ലീലപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. സംഘടനയ്ക്ക് പരാതിനൽകിയിട്ടും നിരാശയായിരുന്നു ഫലമെന്നാണ് മിസ് യു.എസ്.എയുടെ ആവലാതി. വിവാദത്തിൽ പ്രതികരിച്ച മുൻ മിസ് മൊണ്ടാനയും യുട്യൂബ് കമന്റേറ്ററുമായ ഡാനി വാക്കറും സൗന്ദര്യമത്സര രംഗത്തെ അധാർമ്മിക പ്രവണതകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പാപ്പ‌‌ർ ഹർജി

മിസ് യു.എസ്.എ ഓർഗനൈസേഷനിലെ കെടുകാര്യസ്ഥതയാണ് അനുബന്ധ പ്രശ്നങ്ങൾക്കും വഴിമരുന്നിട്ടത്. സംഘടനയുടെ ഉടമസ്ഥത വഹിക്കുന്ന ജെ.കെ.എൻ. ഗ്രൂപ്പ് കഴിഞ്ഞവർഷം സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി പാപ്പർ ഹർജി കൊടുത്തതാണ് തുടക്കം. ഇതിന്റെ തുടർച്ചയായി പ്രസിഡന്റിനെ പുകച്ചുചാടിച്ചു. പകരം വന്നയാൾക്ക് ഈ വർഷം ഫെബ്രുവരി മാത്രമേ ആയുസുണ്ടായുള്ളൂ. തൽസ്ഥാനത്ത് അന്ന് അവരോധിച്ച ലൈല റോസാണ് സുന്ദരികളോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം നേരിടുന്നത്. ഇരട്ടരാജിയിൽ സംഘടന വസ്തുനിഷ്ഠമായി പ്രതികരിച്ചിട്ടില്ല. കരാറുള്ള സുന്ദരിമാരുടെ മാനസികാരോഗ്യം ശ്രദ്ധിക്കാറുണ്ടെന്നു മാത്രമായിരുന്നു പ്രതികരണം. ഇതിനു പിന്നാലെ രാജിവച്ച സുന്ദരിമാരുടെ അമ്മമാർ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഒരു ചാനലിന്റെ മോണിംഗ് ഷോയിലെത്തി. സ്വപ്നം കണ്ട ജോലി നേടിയെടുത്ത മകൾക്ക് അധിക്ഷേപങ്ങളും ബുള്ളിയിംഗും നേരിടേണ്ടി വന്നുവെന്ന് ഉമാസോഫിയയുടെ അമ്മ ബാർബറ ശ്രീവാസ്തവ ആരോപിച്ചു. ''പലരും അവളെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചു. എന്നാൽ ജനങ്ങളുടെ പെരുമാറ്റം നിയന്തിക്കാൻ തങ്ങൾക്കാവില്ലെന്നാണ് സൗന്ദര്യമത്സര സംഘാടകർ നിലപാടെടുത്തത്.'' നൊവേലിയയുടെ അനുഭവങ്ങളേക്കുറിച്ച് അമ്മ ജാക്വിലിൻ വൊയ്റ്റ് കൂട്ടിച്ചേർത്തു.

ഭാവിയേക്കുറിച്ച് ആശങ്ക

അമേരിക്കൻ സൗന്ദര്യമത്സരത്തിൽ ചരിത്രം സൃഷ്ടിച്ചവരായിരുന്നു നൊവേലിയ വൊയ്റ്റും ഉമാസോഫിയ ശ്രീവാസ്തവയും. മിസ് ടീൻ ന്യൂജേഴ്സി കിരീടം നേടിയ ആദ്യ മെക്സിക്കൻ- ഇന്ത്യൻ മത്സരാർത്ഥിയാണ് ഉമാസോഫിയ. മിസ് യു.എസ്.എ പട്ടം നേടിയ ആദ്യ വെനസ്വേലിയൻ- അമേരിക്കൻ മത്സരാർത്ഥിയാണ് നൊവേലിയ. ഇതിന്റെ പേരിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ടവർക്കാണ് ഈ ഗതികേട് വന്നത്. നൊവേലിയയ്ക്കു പകരം ഫസ്റ്റ് റണ്ണറപ്പ് സാവന്ന ജാൻകിവിച്ചിനെ മിസ് യു.എസ്.എ 2023 ആയി അവരോധിച്ചിട്ടുണ്ട്. എന്നാൽ ഉമാസോഫിയയ്ക്കു പകരം മിസ് ടീൻ കിരീടം ഏറ്റെടുക്കാൻ ഫസ്റ്റ് റണ്ണറപ്പ് സ്റ്റെഫാനി സ്കിന്നർ തയാറായിട്ടില്ല. ഇരട്ട രാജിയെത്തുടർന്ന് അമേരിക്കയിലെ സൗന്ദര്യലോകം ആശങ്കയിലാണ്. കടന്നുവരാനിരിക്കുന്ന യുവതികൾ കരുതിയിരിക്കണമെന്നാണ് രാജിവച്ചവരുടെ മുന്നറിയിപ്പ്.

Advertisement
Advertisement