സ്‌ത്രീധനത്തിനെതിരെ പ്രതിജ്ഞ മാത്രം പോരാ

Friday 17 May 2024 12:32 AM IST

നിയമംകൊണ്ടു മാത്രം തടയാനാകുന്നതല്ല സ്‌ത്രീധനമെന്ന വിപത്ത്. സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതുമൊക്കെ നിയമം മൂലം നിരോധിച്ചിട്ടുള്ള നാടാണ് നമ്മുടേത്. എന്നിട്ടും നിർബാധം നടന്നുവരുന്ന ഒരു കാര്യമാണ് സ്‌‌ത്രീധനം നൽകിയുള്ള വിവാഹങ്ങൾ. ഇതു തടയാൻ നിയമത്തിനു പുറത്ത് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചുതുടങ്ങേണ്ട കാലഘട്ടമാണിത്. രാഷ്ട്രീയ കക്ഷികളും അവരുടെ യുവ സംഘടനകളുമൊക്കെ സ്‌ത്രീധനത്തിനെതിരെ കൂട്ട പ്രതിജ്ഞയെടുക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യാറില്ല. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും മർദ്ദിച്ചു എന്ന് പരാതി കൊടുത്താൽപ്പോലും കേസെടുക്കാൻ മടിക്കുന്ന പൊലീസ് സംവിധാനം നിലനിൽക്കുന്ന നാട്ടിൽ സ്ത്രീധന പീഡനങ്ങൾ വർദ്ധിച്ചുവരുന്നതിൽ അദ്ഭുതപ്പെടേണ്ട കാര്യമില്ല.

സ്‌ത്രീധനം നൽകിയാലേ വിവാഹം നടക്കൂ എന്നൊരു മനോഭാവമാണ് സമൂഹത്തിൽ ഭൂരിപക്ഷം പേരും പുലർത്തുന്നത്. ഇതാണ് മാറേണ്ടത്. ഇതിനെതിരെ അതിശക്തമായ ഒരു സന്നദ്ധ പ്രസ്ഥാനം പ്രതിജ്ഞാബദ്ധരായ യുവതീയുവാക്കളുടെ നേതൃത്വത്തിൽ വളർന്നുവരേണ്ടതുണ്ട്. അതിനു നേതൃത്വം നൽകാൻ അധികം നവോത്ഥാന നായകരൊന്നും ബാക്കിയില്ല എന്നതും നിർഭാഗ്യകരമായ യാഥാർത്ഥ്യമാണ്. സ്‌ത്രീധനത്തിന് കേരളത്തിൽ ജാതിയും മതവുമൊന്നുമില്ല. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരിലും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും ആത്മഹത്യകളും കൊലപാതങ്ങളും ആവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർന്ന നിലവാരമുള്ളവരുടെ ഇടയിൽപ്പോലും സ്‌ത്രീധനത്തിന്റെ പേരിലുള്ള കലഹങ്ങൾ വർദ്ധിച്ചുവരുന്നത്, ഈ പ്രവണത ഒരു മാറാരോഗമായി സമൂഹത്തെ ഗ്രസിച്ചുകഴിഞ്ഞു എന്നതിന്റെ ലക്ഷണം കൂടിയാണ്.

സ്‌ത്രീധന പീഡനത്തിനിരയായി വിസ്‌മയ മരിച്ചപ്പോൾ സ്ത്രീധനപ്രശ്നം സമൂഹം ഗൗരവപൂർവം ചർച്ച ചെയ്തിരുന്നെങ്കിലും, ആ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലച്ചപ്പോൾ ചർച്ചകളും അവസാനിച്ചു. വിവാഹത്തിന് മുമ്പുതന്നെ താങ്ങാനാവാത്ത സ്ത്രീധനം ചോദിച്ചതിന്റെ പേരിലാണ് ഡോ. ഷഹാനയ്ക്ക് ജീവിതം അവസാനിപ്പിക്കേണ്ടിവന്നത്. ഈ കേസുകളിലെല്ലാം തന്നെ തുടക്കത്തിൽ ഇരയ്ക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ് പൊലീസുകാർ നിന്നത് എന്നത് വെളിപ്പെട്ട കാര്യമാണ്. മാദ്ധ്യമങ്ങൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്നതിനു ശേഷമാണ് പൊലീസ് സംവിധാനം ഇത്തരം കേസുകളിലെല്ലാം ഉണർന്നിട്ടുള്ളത്. സ്‌‌ത്രീധനം തടയുന്നതിന് ആദ്യം മാറ്റേണ്ടത് സ്‌ത്രീധന പീഡനങ്ങളോടുള്ള പൊലീസിന്റെ ഈ ലാഘവ സമീപനമാണ്. വിവാഹത്തിന് സ്‌ത്രീധനം ചോദിക്കുന്ന ഒരു കുടുംബത്തിലേക്ക് മകളെ അയച്ചാൽ ആ കുട്ടി തുടർപീഡനങ്ങൾക്ക് ഇരയാകുമെന്ന് മുൻകൂട്ടി കാണാനുള്ള ബോദ്ധ്യത്തിലേക്ക് പെൺകുട്ടിയുടെ മാതാപിതാക്കളും പെൺകുട്ടി തന്നെയും മാറേണ്ടതുണ്ട്.

വിവാഹത്തിന് ആരെങ്കിലും സ്‌ത്രീധനം ആവശ്യപ്പെട്ടാൽ അക്കാര്യം വെളിപ്പെടുത്താനുള്ള വേദികളും അതിന്റെ പേരിൽ നിയമ നടപടി എടുക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം. കോഴിക്കോട്ട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ഒരാഴ്ചയ്ക്കുള്ളിൽ അനുഭവിച്ച കൊടും പീഡനങ്ങൾ നവവധു പൊലീസ് സ്റ്റേഷനിൽ പോയി വിവരിച്ചിട്ടും ആദ്യം നിസ്സാരവത്‌കരിക്കുകയാണ് പൊലീസ് ചെയ്തത്. പിന്നീട് ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കാൻ ഇടയാക്കിയത്, താനനുഭവിച്ച പീഡനങ്ങൾ ഒന്നൊന്നായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആ പെൺകുട്ടിക്ക് വിവരിക്കേണ്ടിവന്നതിനെത്തുടർന്നാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ എന്തു ചെയ്യാനാകുമെന്ന് ഭരണാധികാരികൾ ഗൗരവമായി ചിന്തിക്കേണ്ടതാണ്. സ്‌ത്രീധനത്തിനെതിരെയുള്ള ചിന്ത വിദ്യാഭ്യാസത്തിലൂടെ ചെറിയ പ്രായത്തിലേ കുട്ടികളിൽ വളർത്താൻ വേണ്ട നടപടികളും ഉണ്ടാകണം. സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നുവയ്ക്കാനുള്ള തന്റേടം പെൺകുട്ടികളിലും ഉണ്ടായിവരണം. പ്രതിജ്ഞകൊണ്ടോ നിയമംകൊണ്ടോ മാത്രം അവസാനിപ്പിക്കാവുന്നതല്ല, സ്‌ത്രീധന വിപത്ത്.

Advertisement
Advertisement