കൊതുകിന് താവളമൊരുക്കിയാൽ കടുത്തശിക്ഷ മൂളിപ്പറക്കുന്നു ഡെങ്കിക്കൊതുക്

Friday 17 May 2024 12:05 AM IST

കൊച്ചി: ജില്ലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കാനും നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും തീരുമാനം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതലുള്ള ഉദ്യോഗസ്ഥർ ഏതു സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പരിശോധിക്കും. കുറ്റകൃത്യങ്ങൾക്ക് 1000 രൂപ മുതൽ രണ്ടുലക്ഷം രൂപ വരെയാണ് പിഴ.
ജലസ്രോതസ്സ് മലിനമാക്കൽ, ശൗചാലയങ്ങളിലെ ശുചിത്വമില്ലായ്മ, പൊതു- സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കൽ എന്നീ കുറ്റ കൃത്യങ്ങൾക്കു തടവും പിഴയുമുണ്ടാവും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ഡി.എം.ഒ ഡോ.കെ സക്കീന അറിയിച്ചു.

കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, മരട് , വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, മട്ടാഞ്ചേരി, മങ്ങാട്ടുമുക്ക്, ചൂർണ്ണിക്കര, ഇടത്തല കടുങ്ങല്ലൂർ, കീഴ്മാട്, വെങ്ങോല, അയ്യമ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ.

അവഗണിക്കരുത്,

ഈ ലക്ഷണങ്ങൾ
ഈഡിസ് കൊതുകുകൾ വഴി പകരുന്നരോഗമാണ് ഡെങ്കിപ്പനി. പനി, തലവേദന, കണ്ണിനു പുറകിൽ വേദന, പേശി-സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, രക്തസ്രാവം, ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, തളർച്ച, രക്തസമ്മർദ്ദം താഴുക തുടങ്ങിയവ അപായ സൂചനകളാണ്. പനി മാറിയാലും 4 ദിവസം വരെ വിശ്രമം പ്രധാനം. ഉപ്പിട്ട കഞ്ഞി വെള്ളവും ഇളനീരും ധാരാളം കുടിക്കണം. രോഗബാധിതർ കൊതുക് വലയ്ക്കുള്ളിൽ കഴിയണം. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകാം.

അരികിലുണ്ട്,​

അപകടം

വെള്ളം സംഭരിച്ച പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ഉപേക്ഷിച്ച ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയ പ്ലാസ്റ്റിക് ഷീറ്റുകൾ, റബ്ബർ പാൽ സംഭരണ ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, ഓടകൾ എന്നിവയിൽ കൊതുകുകൾ പെരുകുന്നതിനാൽ പരിസരശുചിത്വം പ്രധാനം.

Advertisement
Advertisement