ദേശീയപാത നിർമ്മാണം: തോടുകളിലെ തടസം നീക്കാൻ നിർദ്ദേശം

Friday 17 May 2024 12:26 AM IST

കൊച്ചി: ദേശീയ പാതാ നിർമ്മാണത്തിനിടെ തോടുകളിലും കലുങ്കുകളിലും മണ്ണ് നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ദേശീയപാതാ അധികൃതർക്ക് നിർദ്ദേശം നൽകി. എൻ.എച്ച് 66, എൻ.എച്ച് 85 ദേശീയപാതകളുടെ നിർമ്മാണ പ്രവ‌ർ‌ത്തനങ്ങളുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. ദേശീയപാതാ നിർമ്മാണത്തെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ യോഗത്തിൽ അറിയിച്ചു.

ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിന്റെ നേതൃത്വത്തിൽ 21ന് സ്ഥലങ്ങൾ സന്ദർശിക്കും. അണ്ടർ ഗ്രൗണ്ട് കേബിളുകൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയും ദേശീയപാത അധികൃതരും ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ദേശീയപാത 85ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ഉന്നയിച്ച വിഷയങ്ങളും ഉടൻ പരിഹരിക്കാൻ നിർദ്ദേശം നൽകി.

ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ എൻ.ഒ.സി നൽകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത അതോറിറ്റി ഡ്രെയ്‌നേജ് സ്ഥാപിക്കുമ്പോൾ പൈപ്പ് ഇടുന്നതിനുള്ള സ്ഥലസൗകര്യം കൂടി പരിഗണിക്കണമെന്നാണ് വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടത്. നിർമ്മാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾക്ക് തകരാർ സംഭവിച്ച് കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും നിർദ്ദേശം നൽകി.

പറവൂർ, കുര്യാപ്പിള്ളി, ചെറിയപ്പിള്ളി എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന പാലങ്ങളുമായി ബന്ധപ്പെട്ട് വെർട്ടിക്കൽ ക്ലിയറൻസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സ്ഥല സന്ദർശനത്തിനു ശേഷം അന്തിമ തീരുമാനം സ്വീകരിക്കും.

Advertisement
Advertisement