ഇനി ഇവ കിട്ടാതാകും,​ നഷ്ടം കേരളത്തിന്,​ പിന്നിൽ തമിഴ്‌നാട് ലോബി

Friday 17 May 2024 12:30 AM IST

ആലപ്പുഴ : പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനാൽ , വില്പന നിയന്ത്രണങ്ങൾക്കിടയിലും ഇറച്ചിക്കോഴിക്ക് വില കുതിച്ചുയരുന്നു. കിലോയ്ക്ക് 140 രൂപ ആയിരുന്ന ഇറച്ചിക്കോഴി വില ഇന്നലെ 180 രൂപയായി. കോഴിയിറച്ചിക്ക് 240ൽ നിന്ന് 280രൂപയായും ഉയർന്നു. വില വർദ്ധിച്ചതോടെ വില്പന ഇടിഞ്ഞെന്ന് കച്ചവടക്കാർ പറഞ്ഞു.

വിപണിയിൽ വില വർദ്ധിക്കുമ്പോഴും ഇറച്ചിക്കോഴി കർഷകർക്ക് പറയാൻ നഷ്ടക്കണക്ക് മാത്രമാണുള്ളത്. ഒരുകിലോയുള്ള കോഴിയുടെ വിലയായി കർഷകന് ലഭിക്കുന്നത് 95ൽ താഴെ രൂപ മാത്രമാണ്. കോഴി ഇത്രയും തൂക്കത്തിലെത്താൻ തീറ്റയ്ക്കും മറ്റുമായി ഇതിൽ കൂടുതൽ തുക ചിലവാകുമെന്ന് കർഷകർ പറയുന്നു. ഫാം ഉടമകൾ കിട്ടുന്ന വിലയ്ക്ക് കോഴികളെ മൊത്തവ്യാപാരികൾക്ക് കൈമാറുകയാണ്. വിലകുറച്ച് തമിഴ്നാട്ടിൽ നിന്ന് കോഴികളെ എത്തിക്കുന്നതും ജില്ലയിലെ കോഴി കർഷകർക്ക് ഭീഷണിയാണ്.

ഹോട്ടലുകളും പ്രതിസന്ധിയിൽ

1.ജില്ലയിൽ പ്രതിദിനം രണ്ട് ലക്ഷം കിലോ ചിക്കൻ വിറ്റിരുന്നു

2.നിലവിൽ വില്പനയിൽ 40 ശതമാനം വരെ കുറവുണ്ടായി.

3.ഹോട്ടൽ വ്യവസായത്തെയും പക്ഷിപ്പനി ബാധിച്ചു

4.കോൾഡ് സ്റ്റോറേജുകാരും പ്രതിസന്ധിയിലായി

വില പറപ്പിച്ച് തമിഴ്നാട്

10,000ൽ അധികം കുടുംബങ്ങളുടെ ഉപജീവനമാണ് പക്ഷിപ്പനിയിലൂടെ പ്രതിസന്ധിയിലായത്. കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ താലൂക്കുകളിൽപ്പെടുന്ന ചില പഞ്ചായത്തുകളിൽ ഇറച്ചി വില്പന നിരോധിച്ചു. താറാവ് ഇറച്ചി ഉപേക്ഷിച്ച് ജനം കോഴിയിറച്ചിയിലേക്ക് മാറിയതോടെ തമിഴ്‌നാട് ലോബി വില കുത്തനെ കൂട്ടുകയായിരുന്നു. താറാവിനു പിന്നാലെ കോഴിയിറച്ചിയും ഉപേക്ഷിക്കുന്നവർ കൂടുകയാണ്.

ജില്ലയിൽ കോഴി ഫാമുകൾ : 1000

കോഴിയിറച്ചി വില്പന സ്റ്റാളുകൾ : 2500

ഇറച്ചിക്കോഴി (കിലോയ്ക്ക്)

ലൈവ് : 140-180

മീറ്റ് : 240-280

പക്ഷിപ്പനിയുടെ മറവിൽ ചില കർഷകർ ജില്ലയിൽ ഭീതി പരത്തുകയാണ്. ഇത് കച്ചവടക്കാരെയും ഫാംഉടമകളെയും ബാധിച്ചു. ഇറച്ചിക്കോഴി കച്ചവടക്കാർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാകണം. നിരോധനം പിൻവലിക്കണം

- കെ.എം.നസീർ, ചിക്കൻ വ്യാപാരി

Advertisement
Advertisement