സി.എ.എ മോദിയുടെ ഗ്യാരന്റിയുടെ പ്രതീകം, റദ്ദാക്കാൻ ആർക്കുമാവില്ല : പ്രധാനമന്ത്രി

Friday 17 May 2024 12:47 AM IST

ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റിയുടെ പ്രതീകമാണ് രാജ്യത്ത് നടപ്പാക്കിയ ദേശീയ പൗരത്വ നിയമമെന്നും (സി.എ.എ) മതപ്രീണനം ലക്ഷ്യമാക്കി ഭരിച്ചവർക്ക് അതിന് സാധിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ബഡ്‌ജറ്റ് വിഭജിച്ച് ന്യൂനപക്ഷങ്ങൾക്ക് 15 ശതമാനം അനുവദിക്കാനാണ് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ആഗ്രഹിക്കുന്നതെന്നും മോദി ആവർത്തിച്ചു. യു.പിയിലെ അസംഗഡ്, ലാൽഗഞ്ച്, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് സി.എ.എ ഉയർത്തി കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും മോദി കടന്നാക്രമിച്ചത്. അധികാരത്തിൽ വന്നാൽ സി.എ.എ റദ്ദാക്കുമെന്ന പ്രതിപക്ഷ കക്ഷികളുടെ അവകാശവാദം തള്ളിയ പ്രധാനമന്ത്രി അതിന് ആർക്കും കഴിയില്ലെന്നും വ്യക്തമാക്കി.

സി.എ.എ പ്രകാരം പൗരത്വം ലഭിച്ചവർ മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഇരകളാണ്. മഹാത്മാഗാന്ധിയുടെ പേരിൽ അധികാരത്തിലെത്തിയ കോൺഗ്രസ് അത്തരം ആളുകളെ വോട്ടുബാങ്ക് അല്ലാത്തതിനാൽ അവഗണിച്ചു. സി.എ.എയെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ച് യു.പിയിൽ അടക്കം കലാപമുണ്ടാക്കാനാണ് കോൺഗ്രസും എസ്.പിയും ശ്രമിച്ചത്. അവരുടെ വ്യാജ മതേതരത്വത്തിന്റെ മൂടുപടം മോദി അഴിച്ചുമാറ്റി. 370-ാം വകുപ്പ് പുന:സ്ഥാപിക്കുമെന്ന വോട്ടുബാങ്ക് രാഷ്ട്രീയം വിലപ്പോകില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിൽ ശ്രീനഗറിലെ ജനങ്ങൾ കാണിച്ച ആവേശമെന്നും മോദി പറഞ്ഞു.

'ഇന്ത്യ"യുടെ ലക്ഷ്യം അഞ്ച് പ്രധാനമന്ത്രിമാർ

സുസ്ഥിരമായ എൻ.ഡി.എ സർക്കാരിനെ മാറ്റി അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരെ സൃഷ്ടിക്കാനാണ് 'ഇന്ത്യ" മുന്നണി ആഗ്രഹിക്കുന്നത്. ജൂൺ 4നുശേഷം 'ഇന്ത്യ' സഖ്യം ശിഥിലമാകും. തോൽവിക്ക് ശേഷം അവർ ഒരു ബലിയാടിനെ കണ്ടെത്തും. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഡൽഹിയിലെയും ലഖ്‌നൗവിലെയും രാജകുമാരൻമാർ വേനൽക്കാല അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോകുമെന്നും രാഹുലിനെയും അഖിലേഷ് യാദവിനെയും പരിഹസിച്ച് മോദി പറഞ്ഞു.

കൊട്ടാരങ്ങളിൽ ജനിക്കുന്ന 'രാജകുമാരൻമാർക്ക്' കഠിനാദ്ധ്വാനം ചെയ്‌ത് രാജ്യത്ത് മാറ്റം കൊണ്ടുവരാനറിയില്ല. രാജ്യവികസനം അവർക്ക് 'കുട്ടിയും കോലും" കളി പോലെയാണ്. രാജ്യം സ്വയം വികസിക്കുമെന്നാണ് അവരുടെ ധാരണ. അമേഠിയെപ്പോലെ റായ്ബറേലിയും രാഹുൽ ഉപേക്ഷിക്കുമെന്നും മോദി പറഞ്ഞു.

Advertisement
Advertisement