സായന്തനങ്ങൾക്ക് പുതുശോഭയുമായി കോട്ടപ്പുറം കായലോരം !

Friday 17 May 2024 12:48 AM IST

കൊടുങ്ങല്ലൂർ : നടപ്പാത, വാട്ടർഫ്രണ്ട് ഇരിപ്പിടങ്ങൾ, കിയോസ്‌കുകൾ, റെസ്റ്റോറന്റുകൾ, സമീപത്ത് ഒരു ഈറ്റ് സ്ട്രീറ്റ്. കോട്ടപ്പുറം മാർക്കറ്റിൽ കായലോരത്ത് വികസിപ്പിച്ച വാട്ടർഫ്രണ്ട് കാഴ്ചയിലാകെ മാറി. ദിവസവും സായന്തനങ്ങൾ ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക്. പത്ത് വർഷം മുമ്പ് കോട്ടപ്പുറം കായലോരത്ത് വന്നവർ ഇപ്പോഴെത്തിയാൽ ഒന്നമ്പരക്കും. അടി മുടി മാറ്റം.

അത്രമേൽ മനോഹരം. ഒരു കാലത്ത് ബോട്ടും ചരക്ക് വള്ളങ്ങളും ഇവിടെയായിരുന്നു അടുത്തിരുന്നത്. പ്രധാന വ്യാപാരവും ഇവിടെയായിരുന്നു. വലിയ പണിക്കൻ തുരുത്തുമായി ബന്ധിപ്പിക്കുന്ന മൂത്തകുന്നം- കോട്ടപ്പുറം പാലത്തിലൂടെ ഇവിടെയുള്ള നടപ്പാതയിലെത്താം. തടാകത്തിനോട് ചേർന്ന് ഒരു ആംഫി തിയേറ്ററുമുണ്ട്. തണൽ മരങ്ങൾ നിറഞ്ഞ ഈ സ്ഥലം സാംസ്‌കാരിക പരിപാടികൾക്ക് മികച്ച വേദിയായി പ്രവർത്തിച്ചുവരികയാണ്. കൊടുങ്ങല്ലൂരിലെ സാംസ്‌കാരിക പരിപാടികളെല്ലാം കോട്ടപ്പുറം ആംഫി തിയേറ്ററിലേക്ക് മാറ്റി. കൊടുങ്ങല്ലൂർ വടക്കെ നടയിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ പരിപാടി നടത്തണമെങ്കിൽ റവന്യൂ വകുപ്പിന്റെ അനുമതിയും ഭീമമായ ചെലവും വരും. അതുകൊണ്ട് സാംസ്‌കാരിക സംഘടനകൾ പരിപാടി നടത്താൻ ഇപ്പോൾ കോട്ടപ്പുറം ആംഫി തിയേറ്ററാണ് തെരഞ്ഞെടുക്കുന്നത്. അവധിക്കാലമായതിനാൽ ഇവിടേക്ക് ദിവസവും കുട്ടികളൊത്തെത്തുന്ന സഞ്ചാരികളുടെ തിരക്കാണ്. ജനത്തിരക്കിനിടയിൽ ആംഫി തിയേറ്ററിൽ ദിവസവും വിവിധ തരത്തിലുള്ള സാംസ്‌കാരിക പരിപാടികളും വിനോദ പരിപാടികളും പതിവായി.

കേരള ടൂറിസത്തിന്റെ നേതൃത്വത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഫ്‌ളാഗ് ഓഫ് ചെയ്യുന്നതും കോട്ടപ്പുറം ബോട്ട് ക്ലബ്ബിന്റെ വള്ളംകളി മത്സരങ്ങളുടെ പ്രധാന വേദിയാകുന്നതും ഇവിടെയാണ്. നഗരസഭാ കൗൺസിലർ വി.എം.ജോണിയുടെ നേതൃത്വത്തിലുള്ള കോട്ടപ്പുറം ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പുഴനിലാവ് സംസ്‌കാരിക പരിപാടി 56 എണ്ണവും ആംഫി തിയേറ്ററിലായിരുന്നു.

Advertisement
Advertisement