ഫിറ്റ്‌സോയുടെ നില ഗുരുതരമായി തുടരുന്നു

Friday 17 May 2024 7:45 AM IST

ബ്രാറ്റിസ്ലാവാ: അക്രമിയുടെ വെടിയേറ്റ സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോയുടെ (59) നില ഗുരുതരമായി തുടരുന്നു. ഫിറ്റ്‌സോ അപകടനില തരണം ചെയ്‌തെങ്കിലും ആഴത്തിലുള്ള പരിക്ക് ഗുരുതരമാണെന്നും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഫിറ്റ്‌സോ.

നെഞ്ചിലും വയറ്റിലും കാലിലും വെടിയേറ്റ അദ്ദേഹത്തെ അഞ്ച് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബുധനാഴ്ചയാണ് ഹാൻ‌‌ഡ്‌ലോവ നഗരത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫിറ്റ്‌സോയ്ക്ക് നേരെ വധശ്രമമുണ്ടായത്. ക്ലോസ് റേഞ്ചിൽ അഞ്ച് തവണ വെടിയേറ്റു.

രണ്ട് ദശാബ്ദങ്ങൾക്കിടെ ഒരു യൂറോപ്യൻ നേതാവിന് നേരെയുണ്ടായ ഏറ്റവും മാരകമായ വധശ്രമമാണ് ഫിറ്റ്‌സോയ്ക്ക് നേരെയുണ്ടായത്. അതേസമയം, അക്രമിയുടെ വിവരങ്ങൾ സ്ലോവാക്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. പടിഞ്ഞാറൻ സ്ലോവാക്യൻ നഗരമായ ലെവിറ്റ്‌സെ സ്വദേശിയായ യുറായ് സീൻറ്റൂല (71)​ ആണ് പ്രതി.

മുൻ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ഇയാൾ എഴുത്തുകാരൻ കൂടിയാണ്. നിയമാനുസൃതമായി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. വധശ്രമം അടക്കം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Advertisement
Advertisement