106 -ാം വയസിൽ ആകാശത്ത് നിന്ന് ചാട്ടം!

Friday 17 May 2024 7:53 AM IST

ന്യൂയോർക്ക് : പ്രായം വെറും നമ്പർ ആണെന്ന് സാഹസികതകൾ നിറഞ്ഞ തന്റെ ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആൽഫ്രഡ് ബ്ലാഷ്കെ എന്ന 106കാരൻ. ടാൻഡം സ്കൈഡൈവ് ( രണ്ട് പേർ ഒരുമിച്ച് വിമാനത്തിൽ നിന്ന് ചാടുന്നത് )​ ചെയ്യുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കാഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 1917 ജനുവരി 4ന് ജനിച്ച ആൽഫ്രഡ് 2020ൽ 103 - ാം വയസിലാണ് ( 103 വയസ്, 181 ദിവസം ) ആദ്യമായി ഈ റെക്കാഡ് നേടിയത്. കഴിഞ്ഞ വർഷം നവംബർ 27ന് 106 -ാം വയസിൽ നടത്തിയ രണ്ടാമത്തെ ടാൻഡം സ്കൈഡൈവിലൂടെ ഇടയ്ക്ക് നഷ്ടമായ റെക്കാഡ് ആൽഫ്രഡ് തിരിച്ചുപിടിച്ചു. അടുത്തിടെയാണ് ആൽഫ്രഡിന്റെ നേട്ടം ഗിന്നസ് അംഗീകരിച്ചത്. തന്റെ ഇരട്ട പേരക്കുട്ടികൾ കോളേജ് ബിരുദം നേടിയത് ആഘോഷിക്കാനായിരുന്നു ആദ്യത്തെ സ്കൈ ഡൈവിംഗ്. അന്ന് 14,000 അടി ഉയരത്തിൽ സഞ്ചരിച്ച വിമാനത്തിൽ നിന്നാണ് താഴേക്ക് ചാടിയത്. എന്നാൽ 2022ൽ 103 വയസും 259 ദിവസവും പ്രായമുള്ള റുറ്റ് ലിനിയ ലാർസൺ എന്ന സ്വീഡിഷ് വനിത ആൽഫ്രഡിന്റെ റെക്കാഡ് തകർത്തു. ഇതോടെയാണ് തന്റെ റെക്കാഡ് തിരിച്ചുപിടിക്കാൻ വീണ്ടും സാഹസിക യാത്രയ്ക്ക് ആൽഫ്രഡ് തയാറായത്. മോശം കാലാവസ്ഥ മൂലം നാല് തവണ സ്കൈ ഡൈവിംഗ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഒടുവിൽ ടെക്സസിൽ വച്ച് 9,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തുകയായിരുന്നു. രണ്ട് തവണയും സ്കൈ ഡൈവിംഗ് ഇൻസ്‌ട്രക്ടറുടെ നിർദ്ദേശങ്ങൾ ആൽഫ്രഡ് കൃത്യമായി പാലിച്ചു. പാരഷൂട്ടിന്റെ സഹായത്തോടെ ഇൻസ്‌ട്രക്ടറോടൊപ്പം സുരക്ഷിതമായി താഴെ ഇറങ്ങാൻ സാധിച്ചു. ആൽഫ്രഡിന്റെ യാത്ര കാണാൻ മക്കളും ചെറുമക്കളുമൊക്കെ അത്ഭുതത്തോടെ എത്തിയിരുന്നു. ജനുവരിൽ 107 തികഞ്ഞ ആൽഫ്രഡിന് വീണ്ടും ഒരു ആകാശച്ചാട്ടത്തിനൊരുങ്ങാൻ മടിയില്ലെന്നാണ് പറയുന്നത്.

Advertisement
Advertisement