കൊടൂരാർ തീരം 'കര ഭൂമി', ഡേറ്റാ ബാങ്കിൽ തിരിമറി

Sunday 19 May 2024 1:32 AM IST

കോട്ടയം : കളത്തിക്കടവിൽ കൊടൂരാറിന്റെ തീരത്തെ ഏക്കർ കണക്കിന് നെൽപ്പാടം മണ്ണിട്ട് നികത്തുന്നതിന് പിന്നിൽ നടന്നത് വൻഗൂഢാലോചന. ചുറ്റുമുള്ള ഭൂമിയെല്ലാം ഡേറ്റാ ബാങ്കിൽ നിലമാണെങ്കിൽ നികത്തുന്ന ഭൂമി മാത്രം കരയെന്ന കൃത്രിമമായി രേഖപ്പെടുത്തിയാണ് രാവും പകലും മണ്ണടിക്കുന്നത്. മണ്ണുമായി എത്തുന്ന ലോറികൾക്കെതിരെ നടപടിയെടുക്കരുതെന്ന് പൊലീസിന് പ്രത്യേക നിർദ്ദേശവുമുണ്ട്. പ്രളയ സാദ്ധ്യതയുള്ള മേഖലയായതിനാൽ ടൗൺ പ്ളാനിലെ മാസ്റ്റർ പ്ളാനനുസരിച്ച് ഇവിടം നികത്താൻ കഴിയില്ലെന്നിരിക്കെയാണ് ചിലർക്കായി നിയമം വഴിമാറിയത്. കൊടൂരാറിന്റെ തീരത്തോട് ചേർന്നുള്ള ഭാഗം തുറസായ സ്ഥലമായും തുടർന്നുള്ള ഭാഗം തണ്ണീർത്തടമായിട്ടുമാണ് മാസ്റ്റർ പ്ളാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം പരമാവധി പത്ത് സെന്റ് ഭൂമിയിൽ 1200 ചതുരശ്രഅടി വിസ്തൃതിയിലുളള വീട് നിർമ്മാണവും അഞ്ച് സെന്റ് വസ്തുവിൽ 400 ചതുരശ്രഅടി വിസ്തൃതിയിലുള്ള വാണിജ്യ കെട്ടിട നിർമ്മാണവും മാത്രമാണ് ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ കൊടൂരാറിന്റെ തീരം ഉന്നത സ്വാധീനത്തിൽ രേഖകളിൽ തിരിമറി നടത്തുകയായിരുന്നു. നികത്തുന്ന സ്ഥലത്ത് വില്ലയടക്കം വൻകിട നിർമ്മാണത്തിനാണ് പദ്ധതിയിടുന്നത്.

ആരും അറിഞ്ഞ മട്ടില്ല

നഗരമദ്ധ്യത്തിൽ ഇത്രയും വലിയ നിയമലംഘനം നടന്നിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും അറിഞ്ഞമട്ടില്ല. നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കൃഷി വ്യാപിപ്പിക്കാനും തണ്ണീർത്തടം സംരക്ഷിക്കാനും കോടികൾ ചെലവിടുമ്പോഴാണ് മീനന്തറയാറിന്റെ ജൈവ വ്യവസ്ഥയ്ക്ക് തന്നെ ദോഷകരമായേക്കാവുന്ന ഈ നടപടി.

വഴിമാറിയ നിയമം

നികത്തുന്ന ഭാഗമൊഴികെ ചുറ്റും നിലം

 നികത്തുന്നത് പ്രളയസാദ്ധ്യതാ പ്രദേശം
 ടോറസുകൾ എത്തുന്നത് സമയക്രമം പാലിക്കാതെ

'' സർക്കാർ സ്വാധീനത്തിന്റെ മറവിലാണ് നികത്തൽ. വിജിലൻസിനെ സമീപിക്കും''

പി.കെ.വൈശാഖ്,​ ജില്ലാ പഞ്ചായത്ത് അംഗം

Advertisement
Advertisement