സഹകരണത്തിന്റെ മുഖം മാറുമ്പോൾ

Sunday 19 May 2024 12:48 AM IST

ലോകമാകമാനം സഹകരണ മേഖലയെ ശക്തിപ്പെടുത്തുവാനുള്ള നിരവധി ശുപാർശകൾ ജോർദാനിൽ ഈയിടെ സമാപിച്ച (ഏപ്രിൽ 28 മുതൽ 30 വരെ) പതിനൊന്നാമത് ഏഷ്യാ- പസഫിക് സഹകരണ മന്ത്രിതല ഉച്ചകോടി പുറത്തിറക്കിയിട്ടുണ്ട്. ഏഷ്യാ- പസഫിക് മേഖലയിൽ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ സ്ഥാപനങ്ങളും സർക്കാരും തമ്മിലുള്ള പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. മാറുന്ന ചുറ്റുപാടുകളുമായുള്ള പൊരുത്തപ്പെടലും അതിജീവന ശേഷിയുമാണ് സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഗ്രാമീണ പരിവർത്തനവും നഗരവത്കരണത്തിലേക്കുള്ള പരിവർത്തനവും ഇതിൽ ഉൾപ്പെടുന്നു. നഗരവത്കരണത്തിലേക്കുള്ള ചുവടുമാറ്റം ലോകമെമ്പാടും കാർഷിക ഉത്പാദന സംവിധാനങ്ങളെയും ഭക്ഷ്യസുരക്ഷയെയും കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

കാർഷിക മേഖലയിൽ നിന്നുള്ള ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും, വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും, വൈവിധ്യവത്കരണം, സേവനങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ ഉപജീവന മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നയരൂപീകരണം എന്നിവയ്ക്കു വേണ്ടുന്ന വളർച്ചാ യാഥാർത്ഥ്യങ്ങളിലൊന്നായി ഗ്രാമീണ പരിവർത്തനം ലോകമാകമാനം ഉയർന്നുവരുന്നു. ആഗോളതലത്തിൽത്തന്നെ ഭക്ഷ്യോത്പാദനത്തിന്റെ 75 ശതമാനം, ഭൂവിഭവങ്ങളുടെ ഭൂരിപക്ഷവും കൈവശമുള്ള ചെറുകിട കർഷകരിൽ നിന്നാണ്. എന്നാൽ അവയ്ക്ക് ഉചിതമായ വിപണി പ്രവേശനം ആവശ്യമാണ്. വിപണി സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ ചെറുകിട കർഷകർക്ക് പലപ്പോഴും നയരൂപീകരണത്തിൽ വേണ്ടത്ര പ്രാതിനിദ്ധ്യമില്ല. ഗ്രാമീണ മേഖലയിൽ ഉത്പാദനം, സംഭരണം, സംസ്‌കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള കാർഷിക വിപുലീകരണ സേവനങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.

നഗര,​ ഗ്രാമ

അസമത്വം

അസമത്വമാണ് ഭക്ഷ്യ ഉത്പാദന സമ്പ്രദായത്തിലെ പ്രധാന വെല്ലുവിളി. ഏഷ്യാ- പസഫിക് മേഖലയിൽ ജനസംഖ്യയുടെ 63 ശതമാനവും (ഏകദേശം 450 ദശലക്ഷം) നഗരമേഖലകളിലാണ് താമസം. 2050 ആകുമ്പോഴേക്കും ഇത് 73 ശതമാനത്തിലേക്ക് ഉയരും. അറബ് രാജ്യങ്ങളിൽ ഇത് 40 ശതമാനം വരും. ഇതു മുന്നിൽക്കണ്ട്, ഗ്രാമപ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അവയ്ക്കായി തുല്യവും സുസ്ഥിരവുമായ നയങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം ജനസംഖ്യയുടെ 30.4 ശതമാനത്തിലധികം പേരുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നു. ഭൂമിയുടെ അതിവേഗമുള്ള വിഭജനവത്കരണം ഒരു യാഥാർത്ഥ്യമാണ്. വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവ് ചെറുകിട കർഷകരെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്തെ 80 ശതമാനം അഗ്രി ബിസിനസ് സംരംഭങ്ങൾ എം.എസ്.എം.ഇ-യിലൂടെയാണ്. എന്നാൽ, 2023-ൽ ഗ്രാമീണ തൊഴിലില്ലായ്മ 15- 24 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്. കൃഷിയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഗ്രാമീണ ഉപദേശക സംവിധാനമോ വിപുലീകരണ സേവനങ്ങളോ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാർഷിക വിജ്ഞാന വ്യാപനത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് പ്രധാന ഇടപെടലുകൾക്ക് സാദ്ധ്യതയുണ്ട്.

പരസ്‌പരമുള്ള ഐക്യദാർഢ്യം സഹകരണ സംഘങ്ങളുടെ കാര്യത്തിലും പ്രാധാന്യമർഹിക്കുന്നു. പല ഗ്രാമീണ സഹകരണ സംഘങ്ങളും അസംഘടിത വിഭാഗത്തിലാണ്. സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും അവയെ ദുർബലമാക്കുന്നു. സബ്‌സിഡികൾ വഴിയുള്ള തുടർച്ചയായ പിന്തുണ അവരെ സുസ്ഥിരത കൈവരിക്കാൻ സഹായിക്കുന്നില്ല. അവർക്ക് സാമ്പത്തിക ശാക്തീകരണവും നല്ല ഭരണ നൈപുണ്യവും കൺസൾട്ടേറ്റീവ് സാദ്ധ്യതകളും ആവശ്യമാണെന്ന് സഹകരണ മേഖലയിൽ അടുത്തകാലത്തു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.

ജോർദാനിലെ

മാതൃകകൾ

ജോർദാനിൽ 11 ദശലക്ഷമാണ് ജനസംഖ്യ. ഇതിൽ 3.5 ദശലക്ഷം പേർ അഭയാർത്ഥികളാണ്. 14,​000 വർഷങ്ങൾക്കു മുമ്പ് മുതൽ ജോർദാനിൽ ബ്രെഡ് ഉണ്ടാക്കിയിരുന്നു. ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് അണക്കെട്ടുകൾ അവർ നിർമ്മിച്ചിട്ടുണ്ട്. ജല പരിപാലനത്തിലും സാങ്കേതികവിദ്യയിലും നൂതനമായ പദ്ധതികൾ കൃഷിയിൽ നടപ്പിലാക്കുന്നു. ഹൈഡ്രോപോണിക് ഗവേഷണം, ജലസംഭരണ സാങ്കേതികവിദ്യകൾ, കൃഷിയിൽ പാരമ്പര്യേതര ജലത്തിന്റെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിച്ചു വരികയും ചെയ്യുന്നു.

ശുദ്ധീകരിച്ച മലിനജലത്തിന്റെ 94 ശതമാനവും ജോർദാനിൽ ഉപയോഗിച്ചു വരുന്നു. കൂടാതെ, മണ്ണിലെ ലവണാംശത്തെ ചെറുക്കാൻ കഴിയുന്ന വിളകളുടെ കൃഷിയിൽ ജോർദാൻ മുന്നിലാണ്. ജലത്തിലും സാങ്കേതികവിദ്യയിലും നവീകരണം, ജല ഉത്തരവാദിത്തം, ജല ഉപയോഗത്തിന്റെ കാര്യക്ഷമതയ്ക്കായി ഡിജിറ്റൽ പരിവർത്തനം, നവീകരണവും സംരംഭകത്വവും, അഗ്രി ഇൻകുബേറ്റർ, ഹൈഡ്രോപോണിക്‌സും മധുരക്കിഴങ്ങ് കൃഷിക്കുള്ള അക്വാപോണിക്‌സും... ഇവയെല്ലാം ജോർദാന്റെ കാർഷിക മേഖലയിലെ നവീന പദ്ധതികളിൽ ചിലതാണ്.

സഹകരണത്തിലെ

വെല്ലുവിളികൾ

ഏഷ്യാ- പസഫിക് മേഖലയിൽ ഉടനീളമുള്ള സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടവ ഫലപ്രദമല്ലാത്ത ഭരണം, കുറയുന്ന ഉത്പാദനക്ഷമത, രാഷ്ട്രീയ ഇടപെടൽ, യുവാക്കളുടെ കുറയുന്ന പങ്കാളിത്തം എന്നിവയാണ്. നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം വെല്ലുവിളികൾ അധികം. സഹകരണ സ്ഥാപനങ്ങളുടെ അതിജീവനം, പൊതു- സ്വകാര്യ- സഹകരണ പങ്കാളിത്തം, സഹകരണസമത്വം എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു. സുസ്ഥിര സാമ്പത്തിക വളർച്ച ഉറപ്പുവരുത്താൻ പരമ്പരാഗത രീതിയിൽ നിന്നു മാറി മികച്ച ഉത്പാദനക്ഷമതയും മനുഷ്യവിഭവശേഷിയും ഉറപ്പുവരുത്താനുള്ള തന്ത്രങ്ങൾ സഹകരണ മേഖലയ്ക്ക് ആവശ്യമാണ്. ഇതിനായി സുസ്ഥിര ബിസിനസ് മാതൃകകളാണ് വേണ്ടത്.

സഹകരണ,​ സംരംഭകത്വ മേഖലയിൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി മലേഷ്യ അടുത്തിടെ യു.കെ.കെ.എം കോ- ഓപ്പറേറ്റീവ് യൂണിവേഴ്സിറ്റി എന്ന പേരിൽ സഹകരണ, സംരംഭകത്വ സർവകലാശാല ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിലും ജപ്പാനിലുടനീളവുമുള്ള സ്‌കൂൾ സഹകരണ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ നൈപുണ്യ വികസനവും നവീകരണവും സൃഷ്ടിക്കാൻ സഹായിച്ചുവരുന്നു.

സഹകരണ

നെറ്റ്‌വർക്കിംഗ്

ഏഷ്യാ- പസഫിക് മേഖലയിലുടനീളമുള്ള ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ നേരിട്ട് സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകാൻ സഹകരണ സംഘങ്ങളുടെ നെറ്റ്‌വർക്കിംഗ് ആവശ്യമാണ്. ഗൾഫ് മേഖലയിലുടനീളമുള്ള സഹകരണ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് കുവൈറ്റ്, സൗദി അറേബ്യ എന്നിവ കാർഷിക ഉത്പന്നങ്ങൾ, തൊഴിലാളി റിക്രൂട്ടിംഗ് നെറ്റ്‌വർക്കിംഗ്, വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടികൾ എന്നിവയ്ക്കായി വിപണി ഇടപെടലുകൾ സുഗമമാക്കുന്നു. അഗ്രി ഇൻകുബേറ്റർമാർക്കും സംരംഭകർക്കും ഇവർ പിന്തുണ നൽകിവരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സഹകരണ സ്ഥാപനങ്ങൾ തന്ത്രപരമായ നിരീക്ഷണ,​ മൂല്യനിർണയ പരിപാടികൾ പിന്തുടരേണ്ടതുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അപെക്സ് സംഘടനകൾ പ്രധാന പങ്കു വഹിക്കേണ്ടതുണ്ട്. അവയിൽ നിയമ ഇടപെടൽ സുഗമമാക്കൽ, ഉത്പാദനശേഷി വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. ഇതിനായി ദേശീയ ആസൂത്രണം, നിയമനിർമ്മാണം, നയരൂപീകരണം, ഉചിത അന്തരീക്ഷം സൃഷ്ടിക്കൽ, അന്താരാഷ്ട്ര സഹകരണം, പങ്കാളിത്തം എന്നിവ ആവശ്യമാണ്.

വികസന

ലക്ഷ്യങ്ങൾ

സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 15 ശതമാനം മാത്രമേ ഇതിനകം കൈവരിച്ചിട്ടുള്ളൂ. അന്താരാഷ്ട്ര തൊഴിൽ സംഘടന,​ മാന്യമായ ജോലി ഉറപ്പു വരുത്തുന്ന എട്ടാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹകരണ സ്ഥാപനങ്ങൾ സാമ്പത്തികം, വിപണി ഇടപെടൽ, കെയർ ടെക്നോളജി എന്നിവയ്ക്ക് ആവശ്യമായ നയരൂപീകരണത്തിന് പ്രാധാന്യം നൽകുകയാണ് ഈ സാഹചര്യത്തിൽ വേണ്ടത്.

സഹകരണ പ്രസ്ഥാനത്തെ വിലയിരുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഈ മേഖലയെക്കുറിച്ചുള്ള ഗവേഷണവും പഠനങ്ങളും സർവേകളും പതിവായി നടത്തേണ്ടതുണ്ട്. ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ സഹകരണ സ്ഥാപനങ്ങൾ ഓഹരി ഉടമകളെ അടിസ്ഥാനമാക്കിയുള്ള ബിസിനസ് മാതൃകകൾ വികസിപ്പിക്കേണ്ടതുമുണ്ട്. ഇതിലൂടെ സാമ്പത്തിക സാദ്ധ്യതയും മത്സരക്ഷമതയും ഉറപ്പാക്കണം. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതിനും ഊന്നൽ നൽകണം.

(ജോർദാൻ സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലേഖകൻ ബംഗളൂരുവിലെ ട്രാൻസ്‌ ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും, ലോകബാങ്ക് കൺസൾട്ടന്റുമാണ് )

Advertisement
Advertisement