യോഗനാദത്തിന് അമ്പതാണ്ട്

Sunday 19 May 2024 12:50 AM IST

ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെയും സമുദായത്തിന്റെയും ആവശ്യങ്ങളും അഭിപ്രായങ്ങളും സമുദായത്തിനകത്തും പുറത്തും അറിയിക്കാനായി ഒരു പത്രത്തിന്റെ ആവശ്യമുണ്ടെന്ന യോഗം പ്രവർത്തകരുടെയും സമുദായ സ്‌നേഹികളുടെയും ആഗ്രഹപൂർത്തീകരണമായിട്ടായിരുന്നു 'വിവേകോദയ"ത്തിന്റെ സമാരംഭം. അങ്ങനെ യോഗത്തിന്റെ ആരംഭത്തോടെ തന്നെ സമുദായത്തിന്റെ ശക്തമായ ഒരു മുഖവാതിൽ എന്ന നിലയിൽ 1904 മേയ് 13ന് ദ്വൈമാസിക എന്ന നിലയിൽ ആദ്യം തുടങ്ങിയ പ്രസിദ്ധീകരണമാണ് 'വിവേകോദയം." ഒരു വർഷത്തിനു ശേഷം അതിനെ ഒരു മാസികയാക്കി ഉയർത്തുകയും ചെയ്തു.

യോഗത്തിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും ജനങ്ങളിലെത്തിക്കാൻ 'വിവേകോദയം" ഏറെ ഉപകരിച്ചു. യോഗം ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാൻ പതിനഞ്ചു വർഷക്കാലം അതിന്റെ പത്രാധിപരായിരുന്നു. 'വിവേകോദയ"ത്തിന്റെ മൂന്നാം വാർഷിക റിപ്പോർട്ടിൽ ആശാൻ ഒരു സന്ദേഹം രേഖപ്പെടുത്തി: 'വിവേകോദയം വീണു പോയാൽ യോഗത്തിന് അതിന്റെ ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്ക് പറന്നുപോകുവാനുള്ള പക്ഷം വീണുപോയി എന്നുകൂടി നാം ഭയപ്പെടേണ്ടതാകുന്നു!" സമുദായവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും 'വിവേകോദയം" നടുനായകത്വം വഹിച്ചു. ആശാന്റെ പത്രാധിപത്യത്തിനു ശേഷം സി.വി. കുഞ്ഞുരാമൻ പത്രാധിപത്യം ഏ​റ്റെടുത്തു. ഇടയ്‌ക്കൊക്കെ ചില ലക്കങ്ങൾ മുടങ്ങിയിരുന്നെങ്കിലും ഏതാനും വർഷം പ്രസിദ്ധീകരണം പൂർണമായി നിലയ്ക്കാതെ മുന്നോട്ടു പോയി.

വിവേകോദയത്തിന്

വഴി മുടക്കാതെ...

1122 വൃശ്ചികം മുതൽ രണ്ടു വർഷക്കാലം ആർ. ശങ്കറുടെ മേൽനോട്ടത്തിൽ 'വിവേകോദയ"ത്തിന്റെ പ്രസിദ്ധീകരണം വിജയകരമായി മുന്നേറി. യോഗം ബോർഡിന്റെ സമ്മത പ്രകാരം 1967 മുതൽ സി.ആർ. കേശവൻ വൈദ്യരെ ചുമതല ഏല്പിക്കുകയും സ്തുത്യർഹമായ വിധത്തിൽ അത് പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. യോഗത്തിന്റെ സംഘടനാബലവും പ്രവർത്തനമണ്ഡലവും വിസ്തൃതമായപ്പോൾ യോഗം വകയായി ഒരു പ്രത്യേക പ്രസിദ്ധീകരണം കൂടി ആരംഭിക്കണമെന്ന ആശയം ബലപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കെത്തന്നെ യോഗത്തിൽ നിന്ന് ഒരു ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാൻ ഉറപ്പിച്ചു. ഈ തീരുമാനത്തിന്റെ പിൻബലത്തിൽ യോഗത്തിന്റെ മുഖപത്രമായിരുന്ന വിവേകോദയം മടക്കിനല്കാൻ കേശവൻ വൈദ്യർ ഒരുമ്പെട്ടെങ്കിലും നല്ല നിലയിലും നിലവാരത്തിലും പ്രസിദ്ധീകരിച്ചുവരുന്ന 'വിവേകോദയം" അതേ നിലവാരത്തിൽ നടന്നോട്ടെ എന്ന് യോഗം നിശ്ചയിച്ചു. ഈ തീരുമാനത്തെ വൈദ്യർ ബഹുമാനപുരസ്സരം ഉൾക്കൊള്ളുകയും ചെയ്തു.

ഇത് നിലനിൽക്കെതന്നെ യോഗത്തിന്റെ മുഖപത്രം എന്ന നിലയിൽ 'യോഗനാദം" 1975 മാർച്ചിൽ കൊല്ലത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. എസ്. എൻ.ഡി.പി യോഗത്തിന്റെ തീരുമാനങ്ങളും സമുദായ മുന്നേ​റ്റങ്ങളും ജനശ്രദ്ധയിൽ എത്തിക്കുക, സർക്കാരിന്റെ പ്രവർത്തനരീതികളെപ്പറ്റി ജനങ്ങളെ ശരിയായി ധരിപ്പിക്കുക, സമുദായത്തിന്റെയും മ​റ്റ് പിന്നാക്ക സമുദായങ്ങളുടെയും നിവേദനങ്ങളും അഭിപ്രായങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്നിവ 'യോഗനാദ"ത്തിന്റെ മുഖ്യ ലക്ഷ്യങ്ങളായിരുന്നു. നിരന്തരമായ സവർണാക്രമണങ്ങൾക്ക് വിധേയരായ മഹാരഥന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു.

ചായം പുരട്ടാത്ത

ചരിത്രം

അതിനായി സാഹിത്യം, വിദ്യാഭ്യാസം,വ്യവസായം, ശാസ്ത്രം, മതം, രാഷ്ട്രം തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ കരുത്തു​റ്റ ലേഖനങ്ങൾ 'യോഗനാദം" പ്രസിദ്ധീകരിക്കാൻ തുടങ്ങി. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭരെ 'യോഗനാദം" ജനശ്രദ്ധയിലെത്തിച്ചു. ഒപ്പം സർഗാത്മക രചനകൾക്ക് പ്രാതിനിദ്ധ്യം നൽകുകയും മുഖ്യധാര തിരസ്‌കരിച്ച എഴുത്തുകാർക്ക് ഇടമൊരുക്കുകയും ചെയ്തു. എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് നടത്തിയ അവകാശസമരങ്ങളിൽ ഇവിടത്തെ സവർണചരിത്രം വെള്ളം കലർത്തിയപ്പോൾ അതിനെ ദുരീകരിക്കുന്ന യഥാർത്ഥ ചരിത്രങ്ങളെ സമുദായാംഗങ്ങളിലേക്ക് എത്തിച്ചതും 'യോഗനാദ"ത്തിലൂടെയാണ്.

ഇന്ന് 'യോഗനാദം" ദ്വൈവാരികയ്ക്ക് ഒരു ആമുഖം ആവശ്യമില്ല. അമ്പതാം വർഷത്തിലേക്കെത്തുന്ന 'യോഗനാദ"ത്തിൽ എഴുതാത്ത എഴുത്തുകാർ ഇന്ന് കേരളത്തിലുണ്ടാവില്ല. ഇവിടെ മുഖ്യധാര എന്നു പറയപ്പെടുന്ന പലതിന്റെയും കോപ്പികളുടെ എണ്ണം പരിമിതമാണ്. എന്നാൽ 'യോഗനാദ"ത്തിന്റെ പ്രചാരത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ യോഗനാദമാണ് പ്രചാരത്തിൽ മുന്നിൽ നില്ക്കുന്നത്. ജാതി,​ മത കളം തിരിച്ച് കലയെ മുഖ്യധാര മറച്ചുപിടിക്കുമ്പോൾ 'യോഗനാദം" എല്ലാവർക്കും, പ്രത്യേകിച്ച് ദളിത് സാഹിത്യത്തിനും ന്യൂനപക്ഷ വിഭാഗങ്ങളിലെ എഴുത്തുകാർക്കും അർഹിക്കുന്ന അംഗീകാരവും ഇടവുമാണ് നൽകുന്നത്.

കേരളത്തിലെ പല പ്രസിദ്ധീകരണങ്ങളുടെയും മുതലാളിമാർ എഴുത്തുകാർക്ക് പ്രതിഫലം നൽകാറില്ലെന്ന നഗ്നമായ സത്യം നിലനില്ക്കുമ്പോഴാണ് യോഗനാദം എഴുത്തുകാരന്റെ ഗ്രേഡ് നോക്കാതെ പ്രതിഫലം എത്തിക്കുന്നത്. യോഗനാദം അമ്പതാണ്ടുകൾ പൂർത്തീകരിക്കുമ്പോൾ സമുദായത്തിനകത്തും പുറത്തുമായി നടത്തിയ നവോത്ഥാന യജ്ഞങ്ങളും ചില്ലറയല്ല. പൊതുസമൂഹം ചർച്ചയ്‌ക്കെടുക്കാൻ വിസമ്മതിക്കുന്ന വിഷയങ്ങളടക്കം യോഗനാദം ചർച്ചയ്‌ക്കെടുക്കുകയും,​ ദൃശ്യമാദ്ധ്യമങ്ങളുടെ ഉൾപ്പെടെ ശ്രദ്ധ പിടിച്ചുപ​റ്റുകയും ചെയ്തിട്ടുണ്ട്. ഇന്ന് യോഗനാദം ഈഴവ സമുദായത്തിന്റെ മാത്രമല്ല കേരള സമൂഹത്തിന്റെ കൂടി മുഖപത്രമാണ്.

Advertisement
Advertisement