നായനാരുടെ വിയോഗത്തിന് ഇരുപത് ; ജനഹൃദയങ്ങളിലുണ്ട് ആ നിറചിരി

Saturday 18 May 2024 10:06 PM IST

കണ്ണൂർ: ''എനക്കും ശാരദയ്ക്കും താമസിക്കാൻ കല്യാശേരിയിൽ നല്ലൊരു വീടുണ്ട്'' - മൂന്നു തവണ മുഖ്യമന്ത്രിയായ ഒരാൾക്ക് തലസ്ഥാനത്തൊരു വീടില്ലാത്തത് പരാജയമല്ലേ എന്ന് ചോദിച്ചവരോട് ഒരിക്കൽ നായനാർ പറഞ്ഞ മറുപടി ഇതായിരുന്നു. എന്നാൽ കല്ല്യാശ്ശേരിയിലെ ആ വീട്ടിൽ മാത്രമല്ല രാഷ്ട്രീയഭേദമില്ലാതെ മലയാളിയുടെ ഗൃഹാതുരതയിൽ നായനാർ ഇന്നുമുണ്ട്.

മൂന്നു തവണയായി 11വർഷത്തോളമാണ് നായനാർ കേരളത്തെ മുഖ്യമന്ത്രിയായി നയിച്ചത്. അത്രയും കാലം തന്നെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര കാർക്കശ്യത്തോടൊപ്പം പ്രായോഗികതയും സൗമ്യതയും ഒരുപോലെ രാഷ്ട്രീയ ജീവിതത്തിൽ വിളക്കിച്ചേർത്ത മറ്റൊരു ഇടതു നേതാവ് കേരളത്തിനുണ്ടായിട്ടില്ല.

ജനകീയതയായിരുന്നു നായനാരുടെ കാതൽ. അതുകൊണ്ടു തന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയുടെ നിലപാട് നായനാരിലൂടെയാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. 1996ൽ പാർലമെന്ററി രംഗത്തു നിന്നു മാറി നിന്നപ്പോഴും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് നായനാരെ മുന്നിൽ നിർത്താൻ സി.പി.എം രണ്ടാമതൊന്നാലോചിച്ചില്ല. നായനാരെ ഒരു പാർട്ടിക്കാരനായി മാത്രം ഒരുഘട്ടത്തിലും ജനങ്ങൾ കണ്ടിരുന്നില്ല. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു പുറപ്പെട്ടപ്പോൾ പാതയോരങ്ങളിൽ അണിനിരന്ന ലക്ഷങ്ങളുടെ കണ്ണീർ അതിന് സാക്ഷ്യമായിരുന്നു. ഇപ്പോഴും പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുന്നവരെ കാണാം .


കല്ല്യാശ്ശേരിയിൽ നിന്ന് തലസ്ഥാനത്തേക്ക്

തീക്ഷ്ണ സമരഭൂമിയായ കല്യാശ്ശേരിയിൽ ജ്യേഷ്ഠൻ ഇ.നാരായണൻ നായനാരും കെ.പി.ആർ.ഗോപാലനും എം.പി.നാരായണൻ നമ്പ്യാരുമെല്ലാം തുറന്നിട്ട രാഷ്ട്രീയ പാതയിലായിരുന്നു നായനാരുടെയും സഞ്ചാരം. എ.കെ.ഗോപാലനും സി.എച്ച്.കണാരനും അഴീക്കോടൻ രാഘവന്റെയും വിയോഗത്തിന് ശേഷം സി.പി.എമ്മിന് ഊർജം പകർന്നതും നായനാരാണ്. സംസ്ഥാനത്ത് 5 വർഷം കാലാവധി തികച്ച ആദ്യ ഇടതുസർക്കാരിനെ നയിച്ചതിന്റെ ക്രെഡിറ്റ് നായനാർക്കുള്ളതാണ്. ഉപ്പുസത്യഗ്രഹത്തിനു കല്യാശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പ്രായം വെറും പതിമൂന്ന് വയസ്. കോൺഗ്രസിലെ ഇടതുചിന്താഗതിക്കാർ ചേർന്ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന നായനാർ 1939ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തി. നാലുപേർ തൂക്കിലേറ്റപ്പെട്ട കയ്യൂർ സമരത്തിൽ മൂന്നാം പ്രതിയായിരുന്നു നായനാർ. 1964 ൽ സി.പി.ഐ ദേശീയ കൗൺസിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ചതിനും അദ്ദേഹം മുൻപന്തിയിൽ നിന്നു. സി.പി. എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചു.

കേരളത്തെ അറിഞ്ഞ ഭരണാധികാരി

ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകിയത് നായനാർ സർക്കാരാണ്. ആദ്യത്തെ ഐ.ടി പാർക്ക് സ്ഥാപിച്ചതും നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സാക്ഷരതായജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ചപ്പാടുകൾ പ്രായോഗത്തിലെത്തിയതും നായനാർ ഭരണകാലത്തേതാണ്. കേരളം സമ്പൂർണ്ണ സാക്ഷരതയിലെത്തിയ ഉജ്വലമായ ഓർമ്മയും നായനാർ ഭരണത്തിന്റേതായുണ്ട്.

Advertisement
Advertisement