ഷൊർണൂരിൽ രണ്ട് വീടുകളിൽ വൻ കവർച്ച

Sunday 19 May 2024 1:09 AM IST

ഷൊർണൂർ: ഷൊർണൂരിൽ രണ്ട് വീടുകളിൽ കയറിയ മോഷ്ടാവ് ഒരു വീട്ടിൽ നിന്ന് പതിനാറര പവൻ സ്വർണ്ണവും പതിനായിരം രൂപയും മോഷ്ടിച്ചു. ഷൊർണൂർ ടൗണിലെ മുതലിയാർ തെരുവിലെ വീടുകളിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം നടന്നത്. മുതലിയാർ തെരുവ് മാരിയമ്മൻ ക്ഷേത്രത്തിന് സമീപം അജിത്തിൻ്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനാറര പവൻ സ്വർണ്ണവും പതിനായിരം രൂപയും കവർച്ച നടത്തിയത്.

വീടിൻ്റെ മുൻവശത്തെ വാതിൽ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മുറിക്കുള്ളിലെ അലമാര തുറന്ന് സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു അലമാരക്കുള്ളിലെ സാരികൾക്കിടയിൽ വെച്ചിരുന്ന ലോക്കറിൻ്റെ താക്കോൽ എടുത്താണ് ലോക്കർ തുറന്നിരിക്കുന്നത്. ഈ സമയം അടുത്ത മുറിയിൽ വീട്ടുകാർ കിടന്നുറങ്ങിയിരുന്നു. മോഷണശേഷം വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. അജിത്ത് റെയിൽവെ ജീവനക്കാരനാണ്. നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടിൽ അമ്മയും,ഭാര്യയും കുട്ടികളും കിടന്നുറങ്ങിയിരുന്നു.

സമീപത്തെ ക്ഷേത്രത്തിൽ ഇന്നലെ അന്നദാനത്തിന് വെപ്പുകാർ ഇതേസമയം ജോലി ചെയ്തിരുന്നു. അവരാരും മോഷണം നടക്കുന്നത് അറിഞ്ഞിട്ടില്ല. പുലർച്ചെ രണ്ടര മണിക്ക് പോലീസ് ജീപ്പ് ഈ വീടിന് മുന്നിലൂടെ പട്രോളിംഗ് നടത്തിയിരുന്നു. വീടിന് മുന്നിൽ ലൈറ്റില്ലാതിരുന്നതിനാൽ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അജിത്തിൻ്റെ വീട്ടിൽ മോഷണം നടക്കുന്നതിൻ്റെ ഒരു മണിക്കൂർ മുമ്പ് മുതലിയാർ തെരുവിലെ മറ്റൊരു വീട്ടിൽ മോഷണശ്രമം നടന്നിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാവ് ഓടി പോവുകയായിരുന്നു.

വീട്ടുകാർ പോലീസിൽ വിവരമറിയിച്ച് പോലീസ് റോന്ത് ചുറ്റുന്ന വേളയിൽ തന്നെയാണ് അജിത്തിൻ്റെ വീട്ടിൽ മോഷണം നടത്തിയതെന്ന് കരുതുന്നതായി പോലീസ് സംശയിക്കുന്നു. ക്ഷേത്രത്തിലെയും, മറ്റൊരു വീട്ടിലെയും സി.സി. ക്യാമറകളിൽ മോഷ്ടാവിൻ്റെ ചിത്രം പതിഞ്ഞിട്ടുണ്ട് പോലീസ് തെളിവ് ശേഖരിച്ചുവരുന്നുണ്ട്. ഡോഗ് സ്ക്വോസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മോഷണം നടന്ന വീടുകളുടെ തൊട്ട് പിറകിൽ റെയിൽവെ സ്റ്റേഷനായതിനാൽ മോഷ്ടാവിന് പെട്ടന്ന് രക്ഷപ്പെടാനാവും.

Advertisement
Advertisement