നായനാർ അക്കാഡമി മ്യൂസിയം ഇന്ന് തുറക്കും: ചിരിച്ചും തമാശ പറഞ്ഞും നായനാർ 'എ.ഐയായി"

Sunday 19 May 2024 1:14 AM IST

കണ്ണൂർ: 'പ്രിയപ്പെട്ട ഭക്ഷണം?. എഴുത്തിലേക്ക് വന്നത്?, രാഷ്ട്രീയ ഗുരു? ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ?, തിരഞ്ഞെടുപ്പനുഭവം, ജീവിതത്തിലെ നിർണായക സന്ദർഭങ്ങൾ?"- അങ്ങനെ നിരവധി ചോദ്യങ്ങൾക്ക് മറുപടിയുമായി വെള്ള മുണ്ടും ഷർട്ടും നീല ഓവർ കോട്ടുമണിഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട ഇ.കെ. നായനാർ ഇന്ന് വീണ്ടുമെത്തും. സ്വതസിദ്ധമായ ചിരിയും ആംഗ്യങ്ങളും സഹിതം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻസ്റ്റലേഷനിലൂടെയാകും അദ്ദേഹത്തിന്റെ മറുപടി. കണ്ണൂർ ബർണശ്ശേരിയിലെ നായനാർ അക്കാഡമി മ്യൂസിയത്തിലാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്ഷൻ സജ്ജമാക്കിയത്. ഈ കാഴ്ച ഇന്നു ജനങ്ങൾക്കായി തുറക്കും.

നായനാരുമായി സംസാരിക്കുന്ന അനുഭവം ലഭിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഇന്നു രാവിലെ എട്ടിന് പയ്യാമ്പലത്തെ നായനാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. നായനാർ അക്കാ‌‌ഡമിയിലും അനുസ്മരണം നടക്കും. തുടർന്ന് മ്യൂസിയം തുറന്നുകൊടുക്കും. വൈകിട്ട് അഞ്ചിന് കല്യാശേരിയിൽ അനുസ്മരണ യോഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും


ശാരദാസിലെ മുറിയുമൊരുക്കി

വസതിയായ കല്ല്യാശ്ശേരി ശാരദാസിലെ നായനാരുടെ വായനാമുറിയും അദ്ദേഹത്തിന്റെ വസ്‌തുക്കളുമെല്ലാം മ്യൂസിയത്തിലുമൊരുക്കിയിട്ടുണ്ട്.വീട്ടിൽ ഉപയോഗിച്ച മേശയ്ക്കരികിൽ കസേരയിട്ട് കൈയിൽ പേനയുമായി ഇരിക്കുന്ന സഖാവിന്റെ മെഴുകുപ്രതിമയുമുണ്ട്. നായനാരുടെ ടേബിൾ ഫാനും വലിയ അക്കങ്ങളുള്ള ക്ലോക്കും ചാരുകസേരയും അരികിലുണ്ട്.

മ്യൂസിയം ശില്പി വിനോദ് ഡാനിയേലാണ് മ്യൂസിയം ക്രമീകരിച്ചത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് ക്രിയേറ്റീവ് ഹെഡ്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എൻ.സി. ശേഖർ, എ.കെ.ജി, നായനാർ എന്നിവരുടെ സിലിക്കോൺ പ്രതിമ, പഴയകാല പോരാട്ടങ്ങളുടെ ഹ്രസ്വചിത്രം, രക്തസാക്ഷി ഭിത്തി എന്നിവയാണ് മറ്റ് കാഴ്ചകൾ.

Advertisement
Advertisement