മദ്ധ്യ, തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം പെരുമഴ, മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Sunday 19 May 2024 1:27 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ഇന്നു മുതൽ മൂന്ന് ദിവസം അതിതീവ്ര മഴ. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുണ്ട്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം തെക്കൻ ഛത്തീസ്‌ഗഢിൽ നിന്ന് തെക്കൻ കർണാടക വരെയും മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്‌നാട് വഴി ചക്രവാതച്ചുഴിയിലേക്കും നീളുന്ന രണ്ട് ന്യൂനമർദ്ദപാത്തികളും കാരണമാണ് മഴ ശക്തമാകുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ്‌ 22ന് സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. അതേസമയം 22ന് ആൻഡമാനിലെത്തേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മേയ് 31ന് കാലവർഷം കേരള തീരത്തെത്തും.

Advertisement
Advertisement