കുരീപ്പുഴ വേസ്റ്റ് ടു എനർജി പ്ലാന്റ് ... സോണ്ടയുടെ കഴുത്തിനു പിടിച്ച് കെ.എസ്.ഐ.ഡി.സി !

Sunday 19 May 2024 12:42 AM IST

ഒരു മാസത്തിനകം നിർമ്മാണം ആരംഭിക്കണമെന്ന് അന്ത്യശാസനം

കൊല്ലം: കരാർ ഒപ്പിട്ട് മൂന്നു വർഷം പിന്നിട്ടിട്ടും കുരീപ്പുഴ വേസ്റ്റ് ടു എനർജി പദ്ധതിയുടെ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കാത്ത 'സോണ്ട ഇൻഫ്രാടെക്സ് പ്രൈവറ്റ് ലിമിറ്റഡി'ന് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സിയുടെ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രി​യൽ ഡവലപ്മെന്റ് കോർപ്പറേഷൻ) അന്ത്യശാസനം. പ്രവർത്തനങ്ങൾ ഒരുമാസത്തിനകം ആരംഭിക്കണമെന്നാണ് നിർദ്ദേശം.

പ്ലാന്റ് സ്ഥാപിക്കാൻ ഏകദേശം 150 കോടിയാണ് ചെലവ്. ഇതിന്റെ 70 ശതമാനം വായ്പയിലൂടെ കണ്ടെത്തുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ഇതിനായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെയാണ് സോണ്ട സമീപിച്ചത്. കുരീപ്പുഴയിൽ ബയോ മൈനിംഗ് പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ബയോ മൈനിംഗ് പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അനക്കവുമില്ല. ഐ.എഫ്.സി അടക്കം നിരവധി ഏജൻസികളെ സമീപിച്ചിട്ടും വായ്പ തരപ്പെട്ടിട്ടില്ലെന്നാണ് വിവരം. പദ്ധതി നടപ്പാക്കാൻ കുരീപ്പുഴയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 7.5 ഏക്കർ ഭൂമി മൂന്ന് വർഷം മുൻപ് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സിക്ക് കൈമാറിയതാണ്.

തീപിടിത്തമുണ്ടായ ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യ സംസ്കരണത്തിന് കരാറുണ്ടായിരുന്ന സോണ്ടയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, സോണ്ടയുമായുള്ള ബയോമൈനിംഗ് കരാർ അടുത്തിടെ കോഴിക്കോട് കോർപ്പറേഷൻ റദ്ദാക്കിയിരുന്നു.

............................................

കമ്പനിക്കിത് ലാഭക്കരാർ

 മാലിന്യ സംസ്കരണത്തിനുള്ള ഗ്രാന്റായി സ്വച്ഛ ഭാരത് മിഷനിൽ നിന്നു കമ്പനിക്ക് 30 കോടി ലഭിക്കും

 ഒരു ടൺ മാലിന്യം സംസ്കരിക്കാൻ സർക്കാർ 3450 രൂപ വീതം കമ്പനിക്ക് നൽകും

 മാലിന്യം സംസ്കരിച്ച് ലഭിക്കുന്ന ഊർജ്ജത്തിലൂടെയുള്ള വരുമാനവും കമ്പനിക്ക്

 കരാർ 25 വർഷത്തേക്ക്

 10 വർഷം കഴിയുമ്പോൾത്തന്നെ കമ്പിനിക്ക് വൻതുക ലാഭം കിട്ടിത്തുടങ്ങും

. പ്രതിദിനം 200 ടൺ മാലിന്യം സംസ്കരിക്കാവുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് കരാർ

.......................................

മാലിന്യം വാതകമാക്കുമെന്ന് വാദം

പ്ലാന്റിൽ ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസാക്കുമെന്നാണ് സോണ്ടയുടെ അവകാശവാദം. അജൈവ മാലിന്യം ഇവിടെത്തന്നെ പൊടിച്ച് കട്ടയുടെ രൂപത്തിലാക്കി കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ പ്ലാന്റിലേക്ക് സംസ്കരണത്തിന് കൈമാറുമെന്നും കരാറിൽ പറയുന്നു.

എട്ടിടത്തെ മാലിന്യ സംസ്കരണം

കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലെയും നഗരസഭയുടെ അതിർത്തിയിലുള്ള മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാന്റിൽ എത്തിച്ച് സംസ്കരിക്കാനായിരുന്നു കരാർ. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ശേഖരിക്കുന്ന മാലിന്യം കമ്പനി സ്ഥാപിക്കുന്ന ബിന്നിൽ നിക്ഷേപിക്കണം. ഇവിടെ കമ്പനിയുടെ വാഹനമെത്തി മാലിന്യം ഏറ്റെടുത്ത് പ്ലാന്റിലെത്തിക്കുമെന്നായിരുന്നു വ്യവസ്ഥ.

Advertisement
Advertisement