കാക്കിക്കുള്ളിലെ ക്രിമിനൽ ചോർത്തി നൽകിയത് നിർണായക വിവരങ്ങൾ; രാഹുലിനെ സഹായിച്ച പൊലീസുകാരന് സസ്‌പെൻഷൻ

Sunday 19 May 2024 7:10 AM IST

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസിലെ പ്രതി രാഹുൽ പി. ഗോപാലിന് രക്ഷപ്പെടാൻ അവസരമൊരുക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ സസ്‌പെൻഡുചെയ്തു. പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് ഇയാളാണെന്ന് വ്യക്തമായ സ്ഥിതിക്കാണ് നടപടി. സംഭവദിവസം ഇയാൾ പന്തീരങ്കാവ് സ്റ്റേഷനിലെ ജി ഡി ഡ്യൂട്ടിയിലായിരുന്നു.

കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്താനുള്ള നീക്കം ശരത്ലാൽ രാഹുലിനെ അറിയിക്കുകയായിരുന്നു. പാെലീസിനെ വെട്ടിച്ച് ചെക്‌പോസ്റ്റ് കടക്കാനും ഇയാൾ രാഹുലിനെയും രാജേഷിനെയും സഹായിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണ് റിപ്പോർട്ട്. ബംഗളൂരുവിലേക്ക് പോകുന്ന വഴി ഇരുവരുമായി ശരത് ലാൽ കൂട്ടിക്കാഴ്ച നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ കോൾ റെക്കോഡുകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.പന്തീരങ്കാവ് പൊലീസിൽ നിന്ന് പ്രതിയ്ക്ക് വഴിവിട്ട സഹായം ലഭിച്ചെന്ന് യുവതിയും വീട്ടുകാരും നേരത്തേ ആരോപിച്ചിരുന്നു.

അതേസമയം, രാഹുൽ പി ഗോപാലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവർ കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി. തിങ്കളാഴ്ച പരിഗണിക്കും. ഇരുവരും വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം തലവനായ ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് അറിയിച്ച ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement