ആസ്തി പുനർവ്യന്യാസ കമ്പനികളുടെ പ്രവർത്തനത്തിൽ ആശങ്കയേറുന്നു

Monday 20 May 2024 12:58 AM IST

പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്

കൊച്ചി: ആസ്തി പുനർവ്യന്യാസ കമ്പനികളുടെ(എ.ആർ.സി) പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയേക്കും. ധനകാര്യ മേഖലയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പുവരുത്താനായി രൂപീകരിച്ച ആസ്തി പുനർവ്യന്യാസ കമ്പനികൾ അഥവ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾ സാമ്പത്തിക രംഗത്ത് വലിയ ബാധ്യതയായി മാറുമോയെന്ന് റിസർവ് ബാങ്കിന് ആശങ്കയുണ്ട്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കിട്ടാക്കടങ്ങൾ വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണെങ്കിലും വായ്പാ ബാദ്ധ്യതകൾ ഒരിടത്ത് കുമിഞ്ഞ് കൂടുന്ന സാഹചര്യമൊരുങ്ങുമെന്നതാണ് ഇടപെടലിനുളള റിസർവ് ബാങ്കിന്റെ ന്യായം.

രാജ്യത്തെ പ്രമുഖ എ.ആർ.സികൾ പലതും കുറുക്കുവഴികളിലൂടെ ആസ്തികൾ ഏറ്റെടുക്കുന്നവെന്ന ആരോപണം വിപണിയിൽ ശക്തമാണ്. ഇതോടെ വിവിധ എ.ആർ.സികളുടെ ഡയറക്ടർമാരുടെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാരുടെയും സംയുക്ത യോഗം റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. എ.ആർ.സികളുടെ പ്രവർത്തനങ്ങളിൽ നിരവധി മേൽനോട്ട ആശങ്കകളുണ്ടെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ജെ. സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. റിസ്ക് മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിന് പ്രവർത്തന രീതികളിൽ മാറ്റം വരുത്തണമെന്നും കമ്പനികളോട് അദ്ദേഹം നിർദേശിച്ചു.

നിയമപരമായ മാർഗനിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം റിസ്ക് മാനേജ്മെന്റിനും ആഭ്യന്തര ഓഡിറ്റിംഗിനും എ.ആർ.സികൾ പ്രാധാന്യം നൽകണമെന്നും ഇതിലൂടെ ഭാവിയിൽ ഉണ്ടാവാനിടയുള്ള സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കാമെന്നും സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

വായ്പകൾ തിരിച്ചുപിടിക്കുന്നതിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനൊപ്പം നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാൻ എ.ആർ.സികൾ തയ്യാറാകണം

രാജേശ്വർ റാവു

ഡെപ്യൂട്ടി ഗവർണർ

റിസർവ് ബാങ്ക്

ആസ്തി പുനർവ്യന്യാസ കമ്പനികൾ

ബാങ്കുകളുടെയും ധന സ്ഥാപനങ്ങളുടെയും കിട്ടാക്കടങ്ങളും നിഷ്ക്രിയ ആസ്തികളും ഒഴിവാക്കി ബാലൻസ് ഷീറ്റ് ശക്തമാക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളാണ് എ.ആർ.സികൾ. ആത്യന്തികമായി ബാങ്കുകളുടെ ബുക്കിൽ നിന്ന് കിട്ടാക്കടങ്ങൾ എ.ആർ.സികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ കിട്ടാക്കടങ്ങൾ പരിച്ചെടുക്കാൻ ബാങ്കുകളും ധന സ്ഥാപനങ്ങളുമായി കരാർ ഒപ്പുവയ്ക്കുന്നതിനപ്പുറം കാര്യമായ നടപടിയുണ്ടാകുന്നില്ല. മൂന്ന് വർഷത്തിന് ശേഷവും തിരിച്ചടവ് തുക സമാഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കിട്ടാക്കടങ്ങൾ ബാങ്കുകൾ എഴുതിത്തള്ളേണ്ട സാഹചര്യമുണ്ടാകും. ബാങ്കിംഗ് രംഗം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന സൂചനയാണിത്.

Advertisement
Advertisement